Gulf

വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാം; അനുമതി നല്‍കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാല്‍ കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാനോ ഹറം പള്ളിയില്‍ പ്രവേശിക്കാനോ അനുമതി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു.

മക്കയിലും മദീനയിലുമുള്ള ഹറംപള്ളികളിലെ മറ്റ് പ്രാര്‍ത്ഥനകള്‍ക്കും കൊവിഡ് ബാധിതനോ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവനോ അല്ലെന്ന് ഉറപ്പുവരുത്തിയാല്‍ മതി. വിദേശ തീര്‍ത്ഥാടകര്‍ക്കും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഇത് ബാധകമാണ്. ഉംറ തീര്‍ത്ഥാടനത്തിനും മദീനയില്‍ പ്രാര്‍ത്ഥിക്കാനുമാണ് ഇപ്പോള്‍ അനുമതി എടുക്കേണ്ടത്. മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തന്നെ നേരിട്ട് പള്ളികളില്‍ പ്രവേശിക്കാം.

അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി ലഭിക്കില്ലെങ്കിലും അഞ്ച് നേരത്തെ നിസ്‌കാരത്തിന് രക്ഷിതാക്കളോടൊപ്പം ഹറം പള്ളിയില്‍ പ്രവേശിക്കാം. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മക്കയിലെ ഹറംപള്ളിയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഉംറ നിര്‍വഹിക്കാനും പ്രാര്‍ത്ഥിക്കാനുമായി എത്തുന്നത്. റമദാന്‍ അടുത്തതോടെ വിദേശ തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.