World

World Suicide Prevention Day 2022: ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുമ്പോൾ അത്ര നല്ല വർത്തമാനം കേരളത്തെ കുറിച്ച് പറയാനില്ല. പോയ വർഷം മലയാള നാട്ടിലെ ആത്മഹത്യകൾ എണ്ണായിരത്തി അഞ്ഞൂറിൽ നിന്നും ഒമ്പതിനായിരത്തി അഞ്ഞൂറ്റി നാല്പത്തിയൊമ്പതായി വർധിച്ചു. പോയ വർഷവുമായി താരതമ്യപ്പെടുത്തുബോൾ പന്ത്രണ്ട് ശതമാനത്തിന്റെ കുതിച്ച് ചാട്ടം. നിരക്ക് ലക്ഷത്തിൽ ഇരുപത്തിനാലിൽ നിന്നും ഇരുപത്തിയാറ്‌ ദശാംശം ഒമ്പതായി ഉയർന്നു. ദേശീയ ശരാശരി ഉയർച്ച ദശാംശം ഏഴ്‌ മാത്രം. ദേശീയ ശരാശരിയിലെ വർധനവിനെക്കാൾ കേരളത്തിൽ നാലിരട്ടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തിലാണ്.

കൊവിഡ് നാളുകളിൽ ആത്മഹത്യകൾ കൂടുന്നതായുള്ള സൂചനകൾ വന്നിരുന്നു. ഈ വൈറസ് വികൃതിയിൽ നൈരാശ്യം ബാധിച്ചവരും, ജീവിതത്തിലുള്ള പ്രത്യാശ പോയവരും വർധിച്ചുവെന്ന അനുമാനത്തിൽ എത്തേണ്ടി വരും. ഇപ്പോഴും ആ കാലഘട്ടത്തിന്റെ നോവുകൾ പേറുന്ന ഒത്തിരി പേരുണ്ട്. സാമ്പത്തികവും സാമൂഹികവുമായ നിരവധി മുറിവുകൾ ഇപ്പോഴും ബാക്കിയാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രത്യാശ നൽകാം. ഉചിതമായ ഇടപെടലുകൾ നടത്താം.

ആത്മഹത്യാ ചിന്ത ഉള്ളിൽ പേറുന്നവരിൽ നല്ലൊരു വിഭാഗത്തിനും പെരുമാറ്റങ്ങളിൽ മുന്നറിയിപ്പുകൾ ഉണ്ടാകും. തിരിച്ചറിയണം. കേൾക്കണം. വേണ്ട ഇടപെടലുകൾ നടത്തണം. അത് ലഭിക്കാതെ പോകുന്നത് കൊണ്ടാണ് ഭൂരിപക്ഷം ആത്മഹത്യകളും സംഭവിക്കുന്നത്.

ആത്മഹത്യാ ശ്രമം നടത്തി ആരോഗ്യ സംവിധാനങ്ങളിൽ എത്തുന്നവർക്ക് മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കും വിധത്തിൽ പ്രോട്ടോക്കോൾ ഉണ്ടാക്കണം. മനസിന്റെ രോഗങ്ങൾ നേരത്തെ കണ്ടെത്തണം. ശാസ്ത്രീയ ഇടപെടലുകൾ നടത്തണം. മാനസികാരോഗ്യ നിയമം അത് അനുശാസിക്കുന്നുണ്ട്. ലഹരി പദാർത്ഥങ്ങളുടെ വ്യാപനം കുറ്റ കൃത്യങ്ങളെയും ആത്മഹത്യാ പ്രവണതയെയും വർധിപ്പിക്കുന്നു. കേരളത്തിൽ ഇതിന്റെ നിയന്ത്രണവും പ്രസക്തം. ആത്മഹത്യാ നിരക്ക് ഉയരുന്ന പ്രവണത കാട്ടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതുണ്ട്.

തയാറാക്കിയത്
ഡോ: സി.ജെ.ജോൺ
(സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി അംഗം)