World

ട്രംപ്-ബൈഡൻ പോരാട്ടം ആവർത്തിച്ചേക്കും; റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് ജയം

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജയം. ഇതോടെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പരിൽ വീണ്ടും ജോ ബൈഡൻ-ട്രംപ് പോരാട്ടത്തിനുള്ള സാധ്യത വർധിക്കുകയാണ്. ന്യൂഹാംഷെയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ കൂടിയായ നിക്കി ഹേലിയെ മറികടന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്. പ്രൈമറി തെരഞ്ഞെടുപ്പിൽ 52.5ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്.

നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളും നേടി.നാല് ക്രിമിനൽ കുറ്റപത്രങ്ങൾ ഉൾപ്പെടെയുള്ളവ ട്രംപിനെതിരെ നിലനിൽക്കുന്നുണ്ടെങ്കിലും പ്രൈമറി തെരഞ്ഞെടുപ്പ് വിജയത്തോടെ അമേരിക്കൻ പ്രസിഡന്റ് കസേരയ്ക്കായുള്ള പോരാട്ടത്തിൽ ട്രംപ് ഒരു ചുവട് കൂടി മുന്നോട്ടുവച്ചിരിക്കുകയാണ്. തന്റെ പഴയ ബോസിനോട് മത്സരിക്കാനാണ് ഡെമോക്രാറ്റുകൾ ആ​ഗ്രഹിക്കുന്നതെന്ന് മാത്രമായിരുന്നു പ്രൈമറി തെരഞ്ഞെടുപ്പിൽ ട്രംപ് ജയമുറപ്പിച്ച പശ്ചാത്തലത്തിൽ നിക്കി ഹേലിയുടെ പ്രതികരണം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ പോളിംഗ് രേഖപ്പെടുത്തിയതിനാൽ, ഹേലി വലിയ അട്ടിമറി പ്രതീക്ഷിച്ചിരുന്നു. എന്നാൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ തന്നെ അന്താരാഷ്ട്ര മാധ്യമങ്ങൾ ട്രംപിന്റെ വിജയം പ്രവചിക്കുകയായിരുന്നു. മുൻപ്ട്രം ഹേലി ട്രംപിന്റെ മാനസികനിലയിൽ തനിക്ക് സംശയങ്ങളുണ്ടെന്ന് വിമർശിക്കുകയും ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് അരാജകത്ലത്തിലേക്ക് നയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.