World

ട്രംപ് – കിം രണ്ടാം ഉച്ചകോടിക്ക് തുടക്കമായി

അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് തുടക്കമായി. കിമ്മിനു കീഴില്‍ ഉത്തരകൊറിയക്ക് വലിയ ഭാവിയുണ്ടെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഇരു നേതാക്കള്‍ക്കുമിടയിലെ സൗഹൃദ സംഭാഷണമാണ് ഇന്നലെ നടന്നത്. ദ്വിദിന കൂടിക്കാഴ്ചയിലെ പ്രത്യേക തീരുമാനങ്ങൾ ഇന്ന് നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചക്ക് ശേഷം ഉണ്ടായേക്കും.

ചരിത്രം സൃഷ്ടിച്ച സിംഗപ്പൂര്‍ ഉച്ചകോടി നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മില്‍ ഹനോയില്‍ വച്ച് വീണ്ടും കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച രാത്രി ഹോട്ടലില്‍ ഇരു നേതാക്കളും തമ്മില്‍ കൈപിടിച്ച് സൗഹൃദത്തിന്റെ പ്രഖ്യാപനം നടത്തി. കിമ്മിനു കീഴില്‍ ഉത്തര കൊറിയക്ക് വലിയ ഭാവിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടന്ന കൂടിക്കാഴ്ചയില്‍ പ്രതീക്ഷ ഉണ്ടെന്ന് കിം ജോങ് ഉന്നും പ്രതികരിച്ചു. രാത്രി ഭക്ഷണത്തിന് ശേഷം ഇരു നേതാക്കളും തമ്മില്‍ പിരിഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഉൾപ്പെടെയുള്ളവര്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണമായിരിക്കും ഉച്ചകോടിയിലെ പ്രധാന ആവശ്യമായി യു.എസ് ഉന്നയിക്കുക. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ണ്ണായകമായ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആദ്യ ഉച്ചകോടിയിലെ കാര്യങ്ങളുടെ ആവര്‍ത്തനമാകാനാണ് സാധ്യത.