HEAD LINES World

ഗസ്സയില്‍ മാനുഷിക ഇടവേളകള്‍ വേണം; ഹമാസ് ഉപാധികളില്ലാതെ ബന്ധികളെ വിട്ടയക്കണം; യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി

ഗസ്സയില്‍ മാനുഷിക ഇടവേളകള്‍ വേണമെന്ന് യുഎന്‍ രക്ഷാസമിതി പ്രമേയം. ഹമാസ് ഉപാധികളില്ലാതെ ബന്ധികളാക്കി ഇസ്രയേലികളെ വിട്ടയക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കി ഗസ്സയിലെ അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു.

ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുദ്ധ ടാങ്കുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്. അല്‍-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനമെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഗാസയിലെ അല്‍-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാന്‍ഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചു.

ഇസ്രയേല്‍ സൈന്യം ആശുപത്രിയില്‍ അതിക്രമിച്ചു കയറാന്‍ കാരണം യുഎസ് പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഹമാസ് പ്രതികരിച്ചത്. ഇവിടെ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ടെന്ന ഇസ്രയേലിന്റെ ആരോപണം ബൈഡന്‍ ശരിവച്ചതാണ് പ്രശ്‌നത്തിനു കാരണമെന്ന് ഹമാസ് ആരോപിച്ചു.