World

റഷ്യ-യുക്രൈന്‍ യുദ്ധം; ചൈനയെ വിമർശിച്ച് ബോറിസ് ജോൺസൺ

യുക്രൈൻ-റഷ്യ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ വിഷയത്തിൽ ചൈനയുടെ നിലപാടിൽ ചില മാറ്റങ്ങളുടെ സൂചനയുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

പുതിയ ലോകക്രമം സൃഷ്ടിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ശ്രമമെന്നും തെറ്റായ വശത്തുനിൽക്കുന്നതിന്റെ പേരിൽ ചൈന ഖേദിക്കേണ്ടിവരുന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചർച്ചകൾ തുടരുമ്പോഴും യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. മരിയുപോൾ നഗരം പിടിക്കാനുള്ള നീക്കത്തിനിടെ 400 ഓളം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്കൂൾ കെട്ടിടം റഷ്യ ബോംബാക്രമണത്തിൽ തകർത്തു. സ്കൂൾ കെട്ടിടം പൂർണമായി തകർന്നുവെന്ന് യുക്രൈൻ വ്യക്തമാക്കി. തകർന്ന കെട്ടിടത്തിനുള്ള നിരവധിയാളുകൾ കുടുങ്ങി കിടക്കുകയാണ്. മരിയുപോൾ പിടിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങുന്ന റഷ്യൻ സൈന്യം നഗരത്തിലെ 80 ശതമാനം കെട്ടിടങ്ങളും തകർത്തു. ടാങ്കുകൾ ഉപയോഗിച്ചാണ് നഗരത്തിൽ റഷ്യ ആക്രമണം നടത്തുന്നത്.

റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്.