World

സിറിയയില്‍ ഇരട്ട സ്ഫോടനം: 24 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഇരട്ട സ്ഫോടനങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്‍ലിബിലാണ് സ്ഫോടനം നടന്നത്. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു ആദ്യ അപകടം. ഇതിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ സ്ഫോടനം. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിയത്. മരിച്ചവരില്‍ 4 പേര്‍ ഹയാത്ത് തഹ്‍രീര്‍ അല്ഷാം പ്രവര്‍ത്തകരാണ്. മറ്റുള്ളവര്‍ സാധാരണക്കാരും. കൊല്ലപ്പെട്ടവരില്‍ ‌കുട്ടികളും ഉള്‍പ്പെടുന്നു.

അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ബ്രിട്ടന്‍ ആസ്ഥാനമായ നിരീക്ഷക സംഘം പറയുന്നു. ഇസ്‍ലാമിക് സ്റ്റേറ്റിനും ഇവിടെ സ്വാധീനമുണ്ട്. ആക്രമണം ഹയാത്ത് തഹ്‍രീര്‍ അല്‍ഷാമിനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് നിഗമനം. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും സ്ഫോടനത്തില്‍ നശിച്ചു.