HEAD LINES World

ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍; മരുന്നെത്തിച്ച് ജോർദാൻ

ഗസ്സ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഗസ്സ സിറ്റി പൂര്‍ണമായും വളഞ്ഞുവെന്നും തെക്കന്‍ ഗാസയെന്നും വടക്കന്‍ ഗാസയെന്നും രണ്ടായി വിഭജിച്ചുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗസ്സയിലെ 48 പ്രദേശങ്ങൾ തകർക്കപ്പെട്ടതായി യുഎൻ ഏജൻസി സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്.

സൈന്യത്തിന്‍റെ ആക്രമണത്തില്‍ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ വീണ്ടും പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പൂര്‍ണതോതില്‍ സംവിധാനങ്ങള്‍ വിഛേദിക്കപ്പെടുന്നത്. കഴിഞ്ഞ മാസം ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് പിന്നാലെ തുടങ്ങിയ ഇസ്രയേല്‍ നടപടിയില്‍ 9,770 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഗസ്സയിലെ ആശുപത്രികൾക്ക് സമീപം ജോർദാൻ വ്യോമസേനാ മരുന്നുകൾ എത്തിച്ചു. പരുക്കേറ്റവരെ സഹായിക്കുന്നത് കടമയെന്ന് ജോർദാൻ രാജാവ് അറിയിച്ചു. അതിനിടെ വെടി നിർത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടർ വില്യം ബേ‌ർൺസും ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ സന്ദർശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തും.