International World

യു.എസ്-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായുളള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കുന്നതായി അമേരിക്കന്‍ പ്രസിഡ‍ന്റ് ഡൊണാള്‍ഡ് ട്രംപ്. കാബുളില്‍ അമേരിക്കന്‍ സൈനികന്‍ അടക്കം 12 പേര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ നടപടി. നിര്‍ണായകമായ ഈ സാഹചര്യത്തിലും വെടിനിര്‍ത്തലിന് താലിബാന്‍ തയ്യാറല്ലെങ്കില്‍ അര്‍ത്ഥവത്തായ ഒരു സമാധാന കരാറില്‍ എത്താന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം അമേരിക്കയുടെ തീരുമാനം അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍മാറ്റത്തിനും മേഖലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനും അമേരിക്കയും താലിബാന്‍ മധ്യസ്ഥരും തമ്മില്‍ കരട് കരാറിന് കഴിഞ്ഞയാഴ്ച രൂപം നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കാബൂളില്‍ അമേരിക്കന്‍ എംബസിക്ക് സമീപം താലിബാന്‍ സ്ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരു അമേരിക്കന്‍ സൈനികനും 11 സിവിലിയന്‍മാരും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുന്നതായുള്ള അമേരിക്കയുടെ പ്രതികരണം. നിരപരാധികളെ കൊന്നൊടുക്കി വിലപേശാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ചര്‍ച്ചകള്‍ നടക്കുന്ന ഈ ഘട്ടത്തിലും വെടിനിര്‍ത്തലിന് തയ്യാറാകാത്ത താലിബാന് സമാധാന കരാറില്‍ എത്താനുള്ള ഒരു അവകാശവുമില്ലെന്നും ട്രംപിന്റെ ട്വീറ്റിലുണ്ട്. താലിബാന്‍ നേതാക്കളുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന രഹസ്യ കൂടിക്കാഴ്ചയും ട്രംപ് റദ്ദാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ താല്‍കാലികമായി റദ്ദാക്കിയതാണോ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. താലിബാന്‍ ആക്രമണം അവസാനിപ്പിക്കാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കുക അസാധ്യമാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഖനിയുടെ ഓഫീസ് പ്രതികരിച്ചു. അതേസമയം അമേരിക്കയുടെ തീരുമാനം അഫ്ഗാനിസ്ഥാനില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.