World

ശ്രീലങ്കൻ പ്രതിസന്ധി; 40,000 ടൺ ഡീസൽ കൈമാറി ഇന്ത്യ

ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ സഹായം കൈമാറിയതായി റിപ്പോർട്ട്. ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന 40,000 ടൺ ഡീസൽ ലങ്കയിൽ എത്തി. ശ്രീലങ്കയിലുടനീളമുള്ള നൂറുകണക്കിന് പമ്പുകളിൽ വൈകുന്നേരത്തോടെ ഇന്ധന വിതരണം പുനരാരാംഭിക്കുമെന്നും റിപ്പോർട്ട്. വിവിധ പ്രതിസന്ധികൾ നേരിടുന്ന രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിതരണം നിലച്ചിരുന്നു.

ശ്രീലങ്കയ്ക്ക് 40,000 ടൺ അരിയും ഇന്ത്യ നൽകും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവഴി ലങ്കയിലെ വിലവർധന താൽക്കാലികമായി പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കും. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.

അതേസമയം ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

1948-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 22 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാഷ്ട്രം അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമവും കുത്തനെയുള്ള വിലക്കയറ്റവും പവര്‍കട്ടുകളും കാരണം വലയുകയാണ്.