World

മയക്കുമരുന്ന് കേസ്; യുഎസ് ബാസ്‌കറ്റ് ബോള്‍ താരത്തിന് റഷ്യയില്‍ 9 വര്‍ഷം തടവ്

മയക്കുമരുന്ന് കേസില്‍ യുഎസ് ബാസ്‌കറ്റ് ബോള്‍ താരം ബ്രിട്ട്‌നി ഗ്രിനറിന് 9 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റഷ്യ.രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ താരവുമായ ഗ്രിനര്‍, ഒരു മത്സരത്തിനായി റഷ്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്.

ബാസ്‌കറ്റ് ബോള്‍ താരത്തിനെതിരായ റഷ്യയുടെ നടപടി സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയും റഷ്യയും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന പുതിയ തീരുമാനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാഷിഷ് ഓയില്‍ അടങ്ങിയ വാപ് കാട്രിഡ്ജുകളാണ് ഗ്രിനറിന്റെ കൈവശം നിന്ന് പിടിച്ചെടുത്തത്. താരം കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. 9 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമേ 16,990 ഡോളറും പിഴ ചുമത്തിയിട്ടുണ്ട്.

റഷ്യയില്‍ തടവിലാക്കപ്പെട്ട അമേരിക്കക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കത്തിനിടെ ബൈഡന്‍, ഗ്രിനറെ ഉടന്‍ മോചിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടു. ഗ്രിനറിന്റെ മോചനത്തിനായി ബൈഡന്‍ ഭരണകൂടം പ്രവര്‍ത്തിക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.