Entertainment

കാത്തിരിപ്പുകൾക്ക് വിരാമം, ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ 2024ൽ

‘ജോക്കർ’ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകന്മാരുള്ള വില്ലൻ. വില്ലനിസത്തിൽ ഈ കഥാപാത്രത്തെ വെല്ലാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. 2019 ൽ ലോകമെമ്പാടും ചർച്ചയായ ചിത്രങ്ങളിൽ ഒന്നായിരുന്നു ജോക്കർ. ചിത്രത്തിന്റെ അലയൊലികൾ ഇതുവരെ മാറിയിട്ടില്ല. ജോക്വിൻ ഫീനിക്സിന് മികച്ച നടനുള്ള ഓസ്കർ അവാർഡും ഈ കഥാപാത്രം നേടിക്കൊടുത്തു. ഇപ്പോഴിത ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒക്ടോബർ നാലാം തീയതി ചിത്രം റിലീസ് ചെയ്യും. ആദ്യ ഭാഗം പുറത്തിറങ്ങി കൃത്യം അഞ്ച് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. ടോഡ് ഫിലിപ്സും സ്കോട് സിൽവറും തന്നെയാണ് രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള ഒരു സൂചനകളും ഇതുവരെ പുറത്തുവന്നിട്ടില്ല.

‘ഫോളി എ ഡ്യൂക്‌സ്’ എന്നതിന്റെ അര്‍ത്ഥം ഡില്യൂഷണല്‍ ഡിസോഡര്‍ എന്നാണ്. ഇത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജോക്കറിന്റെ ക്രൈം പാര്‍ട്ടണറായ ഹാര്‍ലി ക്വീന്‍ ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഇതിന്റെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ആര്‍തര്‍ ഫ്‌ലെക്ക് എന്ന ആന്റീ ഹീറോ കഥാപാത്രത്തെയാണ് ജോക്കറില്‍ ജോക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ചത്. 1 ബില്യണ്‍ ഡോളറിന് മുകളിലാണ് ജോക്കര്‍ ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്.