World

നവൽനിയുടെ മരണം എന്നെ ഞെട്ടിച്ചില്ല, എന്നാൽ രോഷാകുലനാക്കി, ഇതിന് പിന്നിൽ പുടിൻ തന്നെ: ജോ ബൈഡൻ

വ്ലാദിമിർ പുടിന്റെ വിമർശകൻ അലക്സി നവൽനി ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പുടിന് പങ്കുണ്ടെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നവൽനിയുടെ മരണം തന്നെ ഞെട്ടിക്കുന്നില്ലെന്നും പക്ഷേ ആ മരണം തന്നെ രോഷാകുലനാക്കുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു. നവൽനിയുടെ മരണത്തിൽ റഷ്യ അന്വേഷണം നടത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. നവൽനിയുടെ മരണത്തിന് ഉത്തരവാദികളായവർ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ അഴിമതി ഉൾപ്പെടെയുള്ള എല്ലാ മോശം കാര്യങ്ങൾക്കും എതിരെ നിന്നിരുന്ന ആളായിരുന്നു നവൽനിയെന്ന് ബൈഡൻ പറഞ്ഞു. നവൻനിയുടെ മരണം പുടിന്റെ പൈശാചികതയാണ് തെളിയിക്കുന്നതെന്നും ഈ മരണത്തിന് പിന്നിൽ റഷ്യൻ ഭരണകൂടമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിമർശിച്ചു.

വെള്ളിയാഴ്ച ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ വിശദീകരിക്കുകയായിരുന്നു. റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണവാര്‍ത്തയുമെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്റെ ഏറ്റവും ശക്തമായ റഷ്യന്‍ വിമര്‍ശനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവല്‍നി. വിവിധ കേസുകളിലായി 19 വര്‍ഷം നവല്‍നിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.

2021 മുതല്‍ നവൽനി ആര്‍ട്ടിക് ജയിലില്‍ തടവിലായിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കിയെന്ന കേസിലാണ് നവല്‍നി നിലവില്‍ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവല്‍നിയെ പാര്‍പ്പിച്ചിരുന്ന്. പിന്നീട് 2021ല്‍ നവല്‍നിയെ ആര്‍ടിക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നവല്‍നിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിയമപോരാട്ടം നടത്തിയിരുന്നു.