World

തീയറ്ററുകൾ ഡാൻസ് ഫ്ലോറാക്കി ആരാധകർ; പത്താൻ ആഘോഷം ഇൻഡോനേഷ്യയിലും

ഷാരൂഖ് ഖാൻ സിനിമ പത്താൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും സിനിമ നേട്ടമുണ്ടാക്കി. ഇൻഡോനേഷ്യയിലെ ഒരു തീയറ്ററിൽ സിനിമയുടെ പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

റിലീസായി വെറും ആറ് ദിവസം കൊണ്ട് 591 കോടി രൂപയാണ് പത്താൻ നേടിയത്. ഇന്ത്യയിൽ 295 കോടി രൂപ നേടിയ ചിത്രം വേഗത്തിൽ 20 കോടി ക്ലബിലെത്തുന്ന ആദ്യ ഹിന്ദി ചിത്രമായി.

ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന റെക്കോർഡും പത്താൻ പഴങ്കഥയാക്കിയിരുന്നു. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പിനെ മറികടന്നു. കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ആദ്യ ദിന കളക്ഷൻ 53.95 കോടി രൂപ ആയിരുന്നു.

പത്താൻ (55 കോടി), കെജിഎഫ് ഹിന്ദി (53.95 കോടി), വാർ (51.60 കോടി), തഗ്സ് ഓഫ് ഹിന്ദുസ്താൻ (50.75 കോടി) എന്നിങ്ങനെയാണ് യഥാക്രമം ആദ്യ ദിന കളക്ഷൻ റെക്കോർഡ് പട്ടിക.

സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിൻ്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താൻ. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.