World

ഓസ്കർ 2022; ജസീക്ക ചസ്റ്റെയ്ൻ മികച്ച നടി, പുരസ്‌കാരം ദ ഐയ്‌സ് ഓഫ് ടാമി ഫയേയിലെ അഭിനയത്തിന്

മികച്ച നടിക്കുള്ള ഓസ്കർ പുരസ്‍കാരം ജസീക്ക ചസ്റ്റെയ്ൻ സ്വന്തമാക്കി. ദ ഐയ്‌സ് ഓഫ് ടാമി ഫയേയിലെ അഭിനയത്തിനാണ് പുരസ്‍കാരം. വേദിയിൽ സഹനടനായ ആൻഡ്രൂ ഗാർഫീൽഡിന് ജസീക്ക നന്ദി പറഞ്ഞു. 45 കാരിയായ ജസീക്കയുടെ ആദ്യ ഓസ്കർ പുരസ്കാരമാണിത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നത്.

അതേസമയം മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിനാണ് ലഭിച്ചത് . കിംഗ് റിച്ചാർഡിലെ അഭിനയത്തിനാണ് പുരസ്‍കാരം. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വിൽ സ്മിത്ത് എല്ലാവർക്കും നന്ദി പറഞ്ഞു. അഞ്ച് പേരാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്.

ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. അമേരിക്കൻ സയൻസ് ഫിക്ഷനായ ഡൂൺ എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്‌കാരം.

ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.