Entertainment World

ഓസ്‌കർ 2022 : മികച്ച ചിത്രം കോഡ; ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യം

കാത്തിരിപ്പിന് വിരാമം. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം പ്രഖ്യാപിച്ചു. സിയൻ ഹെദർ സംവിധാനം ചെയ്ത കോഡയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

2014 ൽ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമിൽ ബെലറിന്റെ ഇംഗ്ലീഷ് റീമെയ്ക്കാണ് കോഡ. ചൈൽഡ് ഓഫഅ അഡൾട്ട്‌സ് എന്നതാണ് കോഡയുടെ മുഴുവൻ പേര്. ബദിരരായ കുടുംബത്തിൽ കേൾവി ശക്തിയുള്ള ഏക അംഗമായ പെൺകുട്ടിയുടേയുടേയും അവളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടേയും കഥ പറയുന്ന കോഡ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് ഒടിടിയിൽ ഇറങ്ങിയ ഒരു ചിത്രത്തിന് ഓസ്‌കർ ലഭിക്കുന്നത്. എമിലിയ ജോൺസ്, ട്രോയ് കോട്‌സുർ, ഡാനിയൽ ഡ്യൂറന്റ്, മാർലി മറ്റ്‌ലിൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. വിൽ സ്മിത്താണ് മികച്ച നടൻ. മികച്ച നടി ജെസീക്ക ചെസ്റ്റെയ്ൻ ആണ്. ജെയിൻ കാംപിയണാണ് മികച്ച സംവിധായിക. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്‌കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്‌കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അർഹയായത്. കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്‌സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്.

ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.