World

നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ രാജ്യത്തെ സ്ത്രീ വോട്ടർമാർ

നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേക്കെത്തുമ്പോൾ പ്രതീക്ഷയിലാണ് രാജ്യത്തെ സ്ത്രീ വോട്ടർമാർ. തദ്ദേശ തെരഞ്ഞെടുപ്പോടെ രാജ്യത്തെ സംഘർഷാവസ്ഥക്ക് അയവു വരുമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. വനിതാ സ്ഥാനാർഥികൾക്കായി വോട്ടുപിടിക്കാന്‍ വനിതാ സംഘങ്ങളും സജീവമായി രംഗത്തുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടുതലായി മനസ്സിലാക്കാൻ സ്ത്രീകൾക്കേ കഴിയൂ എന്ന് പറഞ്ഞാണ് വനിതാ സ്ഥാനാർഥികൾ വോട്ട് തേടുന്നത്. സ്ത്രീ സ്ഥാനാർഥികളെ വിജയിപ്പിച്ച് സ്ത്രീ ശക്തി കാണിക്കണമെന്നാണ് വനിതാ വോട്ടർമാരോട് ഇവർക്ക് അഭ്യർഥിക്കാനുള്ളത്.

29 സ്റ്റേറ്റുകളിൽ നിന്നായി 80 വനിതാ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 987 പുരുഷ സ്ഥാനാർഥികളെയാണ് ഇവർ നേരിടേണ്ടി വരിക. സാമ്പത്തികമായി വലിയ പിന്തുണയുള്ളവരാണ് പുരുഷന്മാരായ സ്ഥാനാർഥികളിൽ മിക്കവരും. സാമ്പത്തികമായി പുരുഷന്മാർ നേടിയ മേൽക്കൈ വോട്ടർമാരുടെ കരുത്ത് കൊണ്ട് നേരിടാമെന്ന പ്രതീക്ഷയിലാണ് വനിതകൾ. രാജ്യത്തെ 84 മില്യന്‍ വോട്ടർമാരിൽ 39.6 മില്യന്‍ വോട്ടർമാരും വനിതകളാണ്.

മുന്‍ പരിചയമില്ലെന്ന് കരുതി വനിതാ സ്ഥാനാർഥികളെ നിസാരരാക്കരുത്. തെരഞ്ഞെടുപ്പ് ഗോദയിൽ വനിതാ മുഖങ്ങളാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തൽ. അതേ സമയം വനിതകൾക്ക് എത്രത്തോളം രാജ്യത്തെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാനായി എന്നത് സംശയമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രമുഖ സ്ഥാനാർഥികളെല്ലാം പുരുഷന്മാരാണെന്നതാണ് മറ്റൊരു വസ്തുത. രാജ്യത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വനിതാ വോട്ടർമാർ വോട്ടു ചെയ്യാനായി എത്തുമെന്നതും സംശയമാണ്.