World

2046 വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ ഭീമന്‍ ഛിന്നഗ്രഹം പതിക്കുമോ? നാസയുടെ നിരീക്ഷണത്തിന് പിന്നില്‍…

കേട്ടുകേള്‍വി പോലുമില്ലാത്ത തരം രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പ്രളയം തുടങ്ങി ഭൂമിയില്‍ ഇന്ന് മനുഷ്യരും മറ്റ് ജീവജാലങ്ങളും നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. ശാസ്ത്ര, സാങ്കേതിക വിദ്യയിലെ മികവുള്‍പ്പെടെയുള്ളവ കൊണ്ട് നാം പലപ്പോഴും അത് മറികടന്ന് പോരാറുമുണ്ട്. ഭൂമിയില്‍ നിന്നുള്ള ഇത്തരം ഭീഷണികള്‍ക്ക് പുറമേ ഭൂമിയ്ക്ക് പുറത്ത് നിന്ന് മനുഷ്യരാശിയ്ക്ക് ചിലപ്പോള്‍ ചില ഭീഷണികള്‍ നേരിടേണ്ടി വന്നാലോ? ഭീമാകാരനായ ഒരു ഛിന്നഗ്രഹത്തെ നാസ നിരീക്ഷിച്ച് തുടങ്ങിയപ്പോഴേ പലരും അപകടം മണത്തു. 2046ല്‍ 590 അടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാനുള്ള സാധ്യതയാണ് നാസ മുന്നില്‍ കാണുന്നത്. നാസയുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഛിന്നഗ്രഹം എത്താന്‍ സാധ്യതയുള്ളതോ…. വാലന്റൈന്‍സ് ദിനത്തിലും…

ഭൂമിയ്ക്ക് നേരെ വരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് 2023 DW എന്ന് പേരുള്ള ഛിന്നഗ്രഹത്തെയാണ് നാസ നിരീക്ഷിച്ചുവരുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 0.12 അസ്‌ട്രോണിമിക്കല്‍ യൂണിറ്റ് അകലത്തിലാണ് ഇപ്പോള്‍ ഛിന്നഗ്രഹം നില്‍ക്കുന്നത്. സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സെക്കന്‍ഡില്‍ 24.64 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്.

ഇപ്പോള്‍ ഛിന്നഗ്രഹത്തിന്റെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാല്‍ ഇവ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 600ല്‍ ഒന്ന് മാത്രമാണെന്നാണ് നാസ പറഞ്ഞത്. എന്നാലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് ഭൂകമ്പങ്ങള്‍, സുനാമികള്‍, വലിയ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, വ്യാപക വനനശീകരണം മുതലായവയ്‌ക്കെല്ലാം കാരണമായേക്കാം. ഇവ ചിലപ്പോള്‍ ഭൂമിയില്‍ നിന്ന് 3.9 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് വന്ന ശേഷം ഭൂമിയില്‍ പതിക്കാതെ ഗ്രഹത്തിന് കുറുകെ സുരക്ഷിതമായി കടന്നുപോയേക്കുമെന്നും ശാസ്ത്രജ്ഞര്‍ പ്രത്യാശിക്കുന്നുണ്ട്.