World

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു; 11 മരണം

ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ റിയാവു ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജൻസിയിലെ പ്രകൃതിദുരന്തത്തിൽ 50 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ ഏജൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.

നതുനയിലെ സെരാസൻ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് വൻതോതിൽ ചെളി വീണതായി ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. രക്ഷാപ്രവർത്തകർ 11 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. പ്രതികൂല കാലാവസ്ഥാ മൂലം ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

റിയാവു ദ്വീപിലെ മണ്ണിടിച്ചിലിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങളിൽ പല വീടുകളും പൂർണമായും ചെളിയിൽ മൂടപ്പെട്ട നിലയിലാണ്. കനത്ത മഴയും മണ്ണിടിച്ചിലും പ്രദേശത്തെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെ തടസ്സപ്പെടുത്തിയതായും മിക്ക പ്രദേശങ്ങളിലും വൈദ്യുതി നിലച്ചതായും റിയാവു ദ്വീപ് ദുരന്ത ഏജൻസി വക്താവ് ജുനൈന പറഞ്ഞു. അതിനു മുകളിലൂടെ ഇപ്പോഴും ശക്തമായ കാറ്റ് വീശുന്നുണ്ട്. തൽഫലമായി, സ്ഥിതി കൂടുതൽ വഷളായേക്കാമെന്നും ഭരണകൂടം ഭയപ്പെടുന്നു.