Auto World

മക്ക ക്രെയിൻ അപകടം; മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

മക്ക ക്രെയിൻ അപകടത്തിലെ മുഴുവൻ പ്രതികേളേയും കോടതി കുറ്റവിമുക്തരാക്കി. കാലാവസ്ഥ വ്യതിയാനമാണ് അപകടത്തിന് കാരണമെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. നേരത്തെയുണ്ടായ വിധിക്കെതിരായ അപ്പീലിലാണ് കോടതി വീണ്ടും വാദം കേട്ടത്. 2015ൽ നടന്ന ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പെടെ നൂറിലധികം പേർ മരിച്ചിരുന്നു.

2015ലെ ഹജജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സെപ്തംബർ 11ന് വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ ദുരന്തം ഉണ്ടായത്. മക്കയിലെ ഹറമിൽ വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന കൂറ്റൻ ക്രെയിനിൽ ഒരെണ്ണം ശക്തമായ കാറ്റിൽ ഉലഞ്ഞ് നിലംപതിച്ചു. അപകടത്തിൽ മലയാളി ഹജ്ജ് തീർത്ഥാടകരുൾപ്പെടെ നൂറിലധികം പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിൽ ബിൻലാദിൻ ഗ്രൂപ്പ് ഉൾപ്പെടെ 13 പ്രതികളേയുമാണ് ഇപ്പോൾ മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കിയത്.

സംഭവം ദിവസം മക്കയിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും, ഇതിനെ മാനുഷിക പിഴവായി കാണാനാകില്ലെന്നും കോടതി കണ്ടെത്തി. കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി കണ്ടെത്തി അറിയിപ്പ് നൽകുവാൻ കാലാവസ്ഥ നിരീക്ഷണ, പരിസ്ഥതി സംരക്ഷണ വകുപ്പിന് സാധിച്ചിരുന്നില്ല. അതിനാലാണ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുവാൻ സാധിക്കാതെ പോയതെന്നും, ഇത്തരം ഘട്ടങ്ങളിൽ മുൻകൂട്ടി ജാഗ്രത പാലിക്കൽ സാധ്യമെങ്കിലും, ദുഷ്‌കരമാണെന്നും വിധിപ്രസ്താവത്തിൽ കോടതി പറഞ്ഞു. സംഭവത്തിൽ 2017ലും ഇതേ കോടതി സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിധിക്കെതിരെ സമർപ്പിച്ച ഹരജിയിൽ വീണ്ടും വാദം കേൾക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതിലാണ് കോടതി വീണ്ടും മുഴുവൻ പ്രതികേളയും കുറ്റവിമുക്തരാക്കിയത്