World

‘അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ തീവ്രവാദികളെ വേണ്ട’; വ്യക്തമാക്കി വ്‌ളാദ്മിർ പുടിൻ

താലിബാൻ നിയന്ത്രണത്തിലാക്കിയതിനു പിറകെ അഫ്ഗാന്‍ അഭയാർത്ഥികളെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അയക്കാനുള്ള യുഎസ്, നാറ്റോ നീക്കത്തെ വിമർശിച്ച് റഷ്യ. അഭയാർത്ഥികളുടെ മറവിൽ വരുന്ന അഫ്ഗാൻ തീവ്രവാദികളെ തങ്ങൾക്കു വേണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ പ്രതികരിച്ചു. താലിബാനുമായി സഹകരിക്കാനുള്ള റഷ്യന്‍നീക്കത്തിനിടെയാണ് പുതിയ പ്രതികരണം.

അഫ്ഗാന്റെ അയൽരാജ്യങ്ങളായ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളെ അയക്കാനുള്ള നീക്കം പടിഞ്ഞാറൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിനെ വിമർശിക്കുകയായിരുന്നു വ്‌ളാദ്മിർ പുടിൻ. അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ സായുധസംഘങ്ങളെ തങ്ങൾക്ക് വേണ്ടെന്ന് പുടിൻ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ റിയ നൊവോസ്റ്റി റിപ്പോർട്ട് ചെയ്തു. അതേസമയം, അഫ്ഗാൻ അഭയാർത്ഥി പ്രശ്‌നം തങ്ങളുടെ പ്രഥമ പരിഗണനയിൽ തന്നെയുണ്ടെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യയിൽ അഫ്ഗാൻ കുടിയേറ്റക്കാർക്ക് വിസരഹിത അഭയം നൽകാനുള്ള നീക്കം അന്യായമാണെന്ന് പുടിൻ പറഞ്ഞു. മുൻ സോവിയറ്റ് രാജ്യങ്ങളുടെ സുരക്ഷാ കൂട്ടായ്മയായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ(സിഎസ്ടിഒ) ഉച്ചകോടിയിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം കസകിസ്താന്‍ പ്രസിഡന്റ് കാസിം ജൊമാർട്ട് തൊകായേവുമായി പുടിന്‍ അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തിരുന്നു.

താലിബാൻ നിയന്ത്രണം പിടിച്ചടക്കിയ ശേഷം തുടരുന്ന അഭയാർത്ഥി പ്രവാഹത്തിൽ അഫ്ഗാന്റെ അയൽരാജ്യങ്ങളായ ഉസ്‌ബെകിസ്താൻ, താജികിസ്താൻ, തുർക്ക്‌മെനിസ്താൻ അടക്കം ആശങ്കരേഖപ്പെടുത്തിയിരുന്നു. അഭയാർത്ഥികളുടെ മറവിൽ ഐഎസ് അടക്കമുള്ള തീവ്രവാദസംഘങ്ങൾ രാജ്യത്തേക്ക് നുഴഞ്ഞുകയറുമെന്ന ഭീതിയിലാണ് ഇവർ. ഓഗസ്റ്റ് 14ന് ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ ഇതിനകം 7,000ത്തോളം പേരെ അഫ്ഗാനിൽനിന്ന് പുറത്തെത്തിച്ചതായാണ് കഴിഞ്ഞ ദിവസം പെന്റഗൺ അറിയിച്ചത്.