UAE World

പക്ഷിപ്പനി; പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു

പക്ഷിപ്പനി പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അയർലൻഡിൽ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവിൽ വിലക്ക്.

അയർലൻഡിൽ നിന്ന് അലങ്കാര പക്ഷികൾ, ഇറച്ചിക്കോഴികൾ, കുഞ്ഞുങ്ങൾ, കാട്ടുജീവികൾ, വിരിയിക്കുന്ന മുട്ടകൾ, സംസ്കരിച്ച ഗോമാംസം, ആട്, ആട്ടിൻ കിടാവ്, കോഴി ഇറച്ചി ഉല്‍പ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പൂർണ നിരോധനം ഏർപെടുത്തി. അയർലൻഡിൽ പക്ഷിപ്പനി വളരെ ഉയർന്ന നിലയിൽ പടരുന്നതായി യു.എ.ഇയിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നീക്കം.

ഉക്രെയ്ൻ, ക്രൊയേഷ്യ, സ്വീഡനിലെ കൗണ്ടി, ഫ്രഞ്ച് ദ്വീപായ കോർസിക്ക, നെതർലാൻഡ്സ്, ജർമ്മനി, ഡെൻമാർക്ക്, റഷ്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങൾ രോഗരഹിതമെന്ന് പ്രഖ്യാപിക്കും വരെ കാട്ടുപക്ഷികൾ, അലങ്കാര പക്ഷികൾ, കുഞ്ഞുങ്ങൾ, വിരിയിക്കുന്ന മുട്ടകൾ, കോഴി ഇറച്ചി എന്നിവയുടെ ഇറക്കുമതിക്കും നിരോധമേർപെടുത്തി.

അതേ സമയം ഈജിപ്ത്, ഹംഗറി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കില്ല. ഇപ്പോൾ വൈറസിൽ നിന്ന് മുക്തമാണെന്ന് സ്ഥിരീകരണം ലഭിച്ചതിനെത്തുടർന്ന് ഹംഗറിയിൽ നിന്നുള്ള വളർത്തുമൃഗങ്ങളുടെ ഇറക്കുമതി നിരോധനവും യു.എ.ഇ പിൻവലിച്ചിട്ടുണ്ട്.