Entertainment World

ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും

മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കി ഗായിക ബില്ലി ഐലിഷും സഹോദരൻ ഫിനിയസ് ഓ കോണലും. നോ ടൈം ടു ഡൈ എന്ന ടൈറ്റിൽ സംഗീതത്തിനാണ് പുരസ്‌കാരം.

ജെയിംസ് ബോണ്ട് ചിത്രത്തിലെ സംഗീതത്തിന് ഇത് തുടർച്ചയായി മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. 2015 ലെ ബോണ്ട് ചിത്രമായ സ്‌പെക്ടർ, 2012 ലെ സ്‌കൈ ഫോൾ എന്നിവയ്ക്കും മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ബില്ലിയും ഫിനിയസും ചേർന്ന് ഗാനത്തിന്റെ വരികളെഴുതുന്നത് മൂന്ന് വർഷങ്ങൾക്ക് മുൻപാണ്. ഫെബ്രുവരി 2020 ന്. ഓസ്‌കർ ടെലികാസ്റ്റിംഗ് വേളയിൽ ഇരുവരും ഗാനം ആലപിച്ചിരുന്നു. ഇതേ ഗാനത്തിന് ഗോൾഡൻ ഗ്ലോബും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്.

2007 ൽ ഗാനരചയിതാവ് മാർ്കീറ്റ് ഇർഗ്ലോവയ്ക്ക് (19) ശേഷം ഈ വിഭാഗത്തിൽ ഓസ്‌കർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളാണ് ബില്ലിയും (20), ഫിനിയസും ( 24).

ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. വിൽ സ്മിത്താണ് മികച്ച നടൻ. മികച്ച നടി ജെസീക്ക ചെസ്റ്റെയ്ൻ ആണ്. ജെയിൻ കാംപിയണാണ് മികച്ച സംവിധായിക. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്‌കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്‌കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അർഹയായത്. കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്‌സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്.

ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.