Entertainment Gulf

ചില സിനിമകളെ തകര്‍ക്കാനും ചിലതിനെ വിജയിപ്പിക്കാനും മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു: ഗണേഷ് കുമാര്‍

മലയാളത്തില്‍ ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റിയാണ് അനുകൂലമായ അഭിപ്രായം പറയിക്കുന്നതെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം അറിയാം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

കെ ബി ഗണേഷ് കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.കലാകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും യുഎഇ സര്‍ക്കാര്‍ തനിക്ക് സ്‌നേഹത്തോടെ നല്‍കിയ അംഗീകാരമായി ഞാനിതിനെ കാണുന്നു. പ്രവാസി മലയാളികള്‍ എല്ലാവരും ഇതിലൂടെ അംഗീകരിക്കപ്പെട്ടതായി കരുതുന്നു. നേരത്തെ യുഎഇ റസിഡന്റ് വിസ ഉള്ള എനിക്ക് 10 വര്‍ഷത്തെ വിസ തന്നതില്‍ ഇവിടുത്തെ ഭരണാധികാരികളോട് നന്ദി പറയുന്നു. ബിസിനസുകാര്‍ക്കും വിവിധ മേഖലകളില്‍ പ്രതിഭ പ്രകടിപ്പിക്കുന്ന കലാകാരന്മാര്‍ക്കുമെല്ലാം ഗോള്‍ഡന്‍ വിസ നല്‍കുന്നത് ഇവിടുത്തെ സര്‍ക്കാരിന്റെ ബുദ്ധിയായിട്ടാണ് കാണുന്നത്. കൂടുതല്‍ ബിസിനസുകാരെ രാജ്യത്തേയ്ക്ക് ആകര്‍ഷിച്ച് നിക്ഷേപം നടത്തിക്കാനും അതുവഴി രാജ്യത്തിന് കൂടുതല്‍ വളര്‍ച്ച കൈവരിക്കാനുമുള്ള വളരെ പ്രായോഗികവും ആധുനികവുമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മലയാളത്തിലെ ഉള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗോള്‍ഡന്‍ വിസയുടെ കടലാസുപണികള്‍ നടത്തിയ ഇസിഎച് ഡിജിറ്റല്‍ മുഖേനയായിരുന്നു ഗണേഷ് കുമാറിന് വിസ ലഭിച്ചത്. ഇസിഎച് ഡിജിറ്റലിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് വീസ പതിച്ച എമിറേറ്റ്‌സ്‌ െഎഡി അദ്ദേഹം ഏറ്റുവാങ്ങി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വീസകള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പിന്നീട് ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.