Business International World

ആപ്പിള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറുന്നു; ലക്ഷ്യം 4000 കോടി ഡോളറിന്‍റെ കയറ്റുമതി

കൊറോണ വൈറസ് പ്രതിസന്ധി കാരണം, നിരവധി കമ്പനികൾ ചൈനയില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ലോകം മുഴുവന്‍ മരണംവിതക്കുമ്പോള്‍, നിരവധി ആഗോള കമ്പനികൾ ചൈനയിൽ നിന്ന് കളംമാറ്റി ചവിട്ടാന്‍ ഒരുങ്ങുന്നു. ടെക് ഭീമനായ ആപ്പിളാണ് ഇതില്‍ മുന്നില്‍. ഉത്പാദന ശേഷിയുടെ അഞ്ചിലൊന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ആപ്പിളിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നീക്കം സംബന്ധിച്ച് ചർച്ചകള്‍ നടത്തുകയാണ്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിള്‍ പ്രാദേശിക ഉത്‌പാദന വരുമാനം വർധിപ്പിക്കാനാണ് നിലവില്‍ ലക്ഷ്യമിടുന്നത്. പകർച്ചവ്യാധികൾക്കിടയിൽ, ചൈനയിലെ ഉത്പാദനത്തിന് ബദൽ മാർഗങ്ങൾ തേടുകയാണ് ആപ്പിള്‍. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രാദേശിക വരുമാനം 40 ബില്യൺ ഡോളറായി ഉയർത്താനാണ് ആപ്പിൾ ശ്രമിക്കുന്നത്.

കൊറോണ വൈറസ് പ്രതിസന്ധി കാരണം, നിരവധി കമ്പനികൾ ചൈനയില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചൈനക്ക് പുറത്തേക്ക് ഉത്പാദനം മാറ്റുന്നതിന് ജപ്പാൻ 2.2 ബില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. യു.എസും ഇതേ പാത പിന്തുടരുമെന്നാണ് സൂചന. ചൈനയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന ഈ ആഗോള കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം വർധിപ്പിക്കുന്നതിനായി 48,000 കോടി രൂപയുടെ സഹായം പ്രോത്സാഹനമെന്നോണം മൂന്ന് പദ്ധതികളിലായി മാർച്ചിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് ഫലവത്തായാൽ ആപ്പിളിന് ഈ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാകാൻ കഴിയും. അതേസമയം, പി.‌എൽ.‌ഐ പദ്ധതിയിൽ ചില കരടുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നും ആപ്പിളിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.