Cricket Sports Uncategorized

ലോകകപ്പ് ക്രിക്കറ്റ്; കിരീട ജേതാക്കളെ കാത്തിരിക്കുന്നത് കോടികള്‍, ചരിത്രത്തിലാദ്യം

ലോകകപ്പ് ക്രിക്കറ്റിലെ സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു. ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന സമ്മാനത്തുകയില്‍‌ വര്‍ധനയുണ്ട്. ജേതാക്കള്‍ക്ക് 28 കോടി രൂപയാണ് ലഭിക്കുക. ആസ്ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന കഴിഞ്ഞ ലോകകപ്പില്‍ 14 ടീമുകളാണ് പങ്കെടുത്തിരുന്നത്.

ഇത്തവണ അത് 10 ആയി ചുരുക്കിയിട്ടുണ്ട്. അതേസമയം ആകെ സമ്മാനത്തുകയില്‍ മാറ്റമില്ലെങ്കിലും ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന തുകയില്‍ വര്‍ധനയുണ്ടാകും.

കഴിഞ്ഞ തവണ ജേതാക്കളായ ആസ്ത്രേലിയക്ക് ഏതാണ്ട് 26 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഇത്തവണ ജേതാക്കള്‍ക്ക് 28 കോടി രൂപ ലഭിക്കും. റണ്ണറപ്പുകള്‍ക്ക് 14 കോടി രൂപയാണ് ലഭിക്കുക. സെമി ഫൈനലിലെത്തുന്ന ടീമുകള്‍ക്ക് അഞ്ചരക്കോടിയോളം ലഭിക്കും. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ലോകകപ്പ് നടക്കുന്നത്.

ആതിഥേയരായ ഇംഗ്ലണ്ടും രണ്ട് തവണ ജേതാക്കളായ ഇന്ത്യയുമാണ് ലോകകപ്പിലെ ഫേവറേറ്റുകള്‍. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.