Uncategorized World

സൗദിയിലെ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് അനുവദിച്ച ലോൺ തിരിച്ചടക്കാൻ വീണ്ടും സാവകാശം

സൗദിയിലെ വിവിധ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് അനുവദിച്ച ലോൺ തിരിച്ചടക്കാൻ വീണ്ടും സാവകാശം നൽകി. അടുത്ത മാർച്ച് അവസാനം വരെയാണ് സമയം നീട്ടി നൽകിയത്. ഇതോടെ മലയാളികളടക്കം ജോലി ചെയ്യുന്ന വിവിധ സ്ഥാപനങ്ങൾക്ക് തീരുമാനം ആശ്വാസമാകും. സൗദി സ്വകാര്യ മേഖലയിലെ പൗരന്മാരുടെ വിവിധ സ്ഥാപനങ്ങൾക്ക് സൗദി സെൻട്രൽ ബാങ്ക് അഥവാ സാമ നേരത്തെ ധനസഹായം അനുവദിച്ചിരുന്നു. കോവിഡ് സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ ധനസഹായം നൽകിയത്.

ഈ വർഷം മാർച്ച് 14നാണ് സെൻട്രൽ ബാങ്ക് ധനസഹായം പ്രഖ്യാപിച്ചത്. ഇതിനകം 87,000 സ്ഥാപനങ്ങൾ ഈ സേവനമുപയോഗപ്പെടുത്തി. 77.3 ബില്യൺ റിയാലാണ് ഇത്രയും കമ്പനികൾക്ക് സഹായമായി നൽകിയത്. മലയാളികളടക്കം ജോലി ചെയ്യുന്ന ചെറുകിട, മധ്യ നിലവാരത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങൾക്കും ഇത് നേട്ടമായിരുന്നു.

സെപ്തംബർ ഒന്നിന് തിരിച്ചടവ് കാലാവധി അവസാനിക്കാനിരിക്കെ ഡിസംബർ 14 വരെ കാലാവധി നീട്ടി നൽകിയിരുന്നു. ഇതാണിപ്പോൾ വീണ്ടും മാർച്ച് വരെ നീട്ടി നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെ സ്ഥാപനങ്ങൾക്ക് തീരുമാനം ഗുണകരമാകും.