UAE

ഇന്ത്യയില്‍ നിന്നുള്‍പ്പടെ യു.എ.ഇയിലേക്ക് യാത്രക്കാരുടെ തിരക്ക്

തൊഴിൽ വിസകൾ കൂടി അനുവദിച്ചു തുടങ്ങിയതോടെ യു.എ.ഇയിലേക്ക് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യാത്രക്കാരുടെ തിരക്ക്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നുണ്ട്. കൂടുതൽ യാത്രക്കാരെ ലഭിക്കാൻ വിമാന കമ്പനികൾ പുതിയ ഓഫറുകളും പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം മുതലാണ് യു.എ.ഇ തൊഴിൽ വിസ കൂടി അനുവദിക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് ആയിരക്കണക്കിന് ഗാർഹിക വിസാ അപേക്ഷകളാണ് ലഭിച്ചത്. റിക്രൂട്ട്മെൻറ് സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചു. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ തൊഴിൽ വിസകളും ആദ്യഘട്ടത്തിൽ അനുവദിച്ചു തുടങ്ങി. സർക്കാർ തീരുമാനത്തെ മിക്ക സ്ഥാപനങ്ങളും അഭിനന്ദിച്ചു. സാമ്പത്തിക രംഗത്ത് ഇത് പുത്തനുണർവ് പകരുമെന്നാണ് തൊഴിലുടമകളും സ്ഥാപനങ്ങളും വ്യക്തമാക്കുന്നത്.

അതിനിടെ, ഇന്ത്യയിൽ നിന്നുൾപ്പെടെ യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് യു.എ.ഇ മുഖേന പോകാൻ ആഗ്രഹിച്ച് വരുന്നവരും നിരവധിയാണ്.

യാത്രക്കാരെ ആകർഷിക്കാൻ വമ്പൻ ആനുകൂല്യവുമായി വിമാന കമ്പനികളും രംഗത്തുണ്ട്. 50 കിലോ സൗജന്യ ബാഗേജ് അലവൻസിനു പുറമെ കോവിഡ് ടെസ്റ്റും സൗജന്യമായി നൽകുമെന്ന് ഇത്തിഹാദ് എയർവേസ് അധികൃതർ വ്യക്തമാക്കി.

ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബർ 30നകം യാത്ര ചെയ്യുന്നവർക്കാണ് 50 കിലോ ബാഗേജ്. ഇത്തിഹാദ് എയർവേയ്സിൽ ഫസ്റ്റ്, ബിസിനസ് ക്ലാസിൽ ടിക്കറ്റ് എടുക്കുന്നവർക്ക് വീട്ടിലെത്തി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് വർഷാവസാനം വരെ തുടരും.