UAE

നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി: യുഎഇയിലെ ഇന്ത്യൻ അംബാസഡർ

നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. ഇക്കാര്യത്തിൽ യുഎഇ അധികൃതരുമായും വിദേശകാര്യ ഓഫിസുമായും ചർച്ചകൾ തുടരുകയാണ്. എന്നാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ്.

ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നത്. ഇതു മൂലം ആയിരങ്ങളാണ് നാട്ടിൽ കുടുങ്ങിയത്. ഇന്ത്യയിലെ കോവിഡ് സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ അധികം വൈകാതെ എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാന സർവീസ് തുടരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡർ പവൻ കപൂർ കൂട്ടിച്ചേർത്തു. ദുബൈയിൽ ഗ്ലോബൽ ഇൻവസ്റ്റ്മെൻറ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂൺ 30 വരെ യാത്രാവിലക്ക് തുടരുമെന്നാണ് ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചത്. ഇതോടെ അർമീനിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലൂടെ യുഎഇയിൽ എത്താനുള്ള പ്രവാസികളും ബദൽ നീക്കവും ശക്തമായി. അതിനിടെ ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ രക്ഷിതാക്കളെ നാട്ടിലേക്കയക്കാൻ മടിക്കുകയാണ് ഗൾഫിലെ പ്രവാസികൾ.

പ്രായമായവരുടെ മരണം കൂടുകയും ചികിത്സ കിട്ടാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്നതോടെയാണ് മാതാപിതാക്കളുടെ വിസാ കാലാവധി പലരും നീട്ടിയെടുക്കുന്നത്. ട്രാവൽ ഏജൻസികളിൽ ഇത്തരം വിസ പുതുക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.