International Travel

ഏഷ്യയുടെ ന്യൂയോർക്ക്; എണ്ണിയാൽ തീരാത്ത വിശേഷങ്ങളുമായി ഷാങ്ഹായി…

ജനസംഖ്യയിൽ വളരെയധികം മുന്നിൽ നിക്കുന്ന രാജ്യമാണ് ചൈന. അവിടെ തന്നെ ഏറ്റവും മുന്നിലാണ് ഷാങ്ഹായി നഗരം. അറിയാം ഷാങ്‌ഹായിയുടെ വിശേഷങ്ങൾ… 2014 ലെ കണക്കുകൾ വെച്ച് ഇവിടുത്തെ ജനസംഖ്യ 24 ദശലക്ഷം ആയിരുന്നു. വർഷം തോറും ഈ കണക്കുകൾ വർധിച്ചുവരികയാണ്. സാധ്യതയുടെയും വളർച്ചയുടെയും ഈ നഗരം ഏഷ്യയുടെ ന്യൂയോർക്ക് ആക്കുക എന്നതായിരുന്നു ചൈനീസ് സർക്കാരിന്റെ ലക്‌ഷ്യം. ഒരിക്കലും ഉറങ്ങാത്ത നഗരമെന്ന വിശേഷണവും അവർ അതിന് നൽകി.

ലോകത്തിന്റെ സാംസ്‌കാരിക-ധനകാര്യ കേന്ദ്രമായാണ് ഷാങ്ഹായിയെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഈ നഗരം കുതിച്ചുയരുകയാണ്. നിരവധി ബിസിനസുകളാണ് ഷാങ്‌ഹായിൽ അഭിവൃദ്ധി പ്രാപിക്കുന്നത്. ചൈനീസ് വിപണിയിൽ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശികൾക്കായി പുതിയ അവസരങ്ങളും ഈ നഗരം വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈനയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന നിരവധി അന്താരാഷ്ട്ര കമ്പനികൾ സ്ഥിതി ചെയ്യുന്നത് ഷാങ്ഹായിലാണ്. ഫാഷൻ, കല എന്നിവയ്ക്കും ഷാങ്‌ഹായി മുന്നിലാണ്. ലോകമെമ്പാടും പ്രചാരം നേടിയ ചൈനീസ് സിനിമയുടെ ജന്മ സ്ഥലമായി ഷാങ്ഹായി അറിയപ്പെടുന്നു.

ഈ നഗരത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇവിടുത്തുകാർ അത്ര വല്യ മതവിശ്വാസികൾ അല്ല എന്നതാണ്. എങ്കിലും ഇവിടെ പള്ളികളും ക്ഷേത്രങ്ങളും ചർച്ചും എല്ലാം ഉണ്ട്. ഷാങ്ഹായിലെ പ്രശസ്തവും പുരാതനവുമായ ക്ഷേത്രമാണ് ജെയ്ഡ്. ബുദ്ധന്റെ ശില്പമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഈ ക്ഷേത്രത്തിനകത്ത് ഒരു ബുദ്ധമത പഠനകേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.

അഞ്ചര കിലോമീറ്റർ വിസ്‌തൃതിയുള്ള ലോകത്തെ ഏറ്റവും തിരക്കേറിയ കാൽനട വാണിജ്യ തെരുവ് നാഞ്ചിങ് സ്ട്രീറ്റും ഷാങ്ഹായിലാണ് ഉള്ളത്. ലോകപ്രശസ്തമായ മിക്ക ബ്രാൻഡുകളുടെ ഷോറൂമുകളും ഇവിടെ ഉണ്ട്. ഷാങ്ഹായിലെ മറ്റൊരു പ്രശസ്തമായ മാർക്കറ്റാണ് എ.പി മാർക്കറ്റ്. ഡ്യൂപ്ലിക്കേറ്റ് സാധങ്ങൾക്ക് പ്രസിദ്ധമാണ് ഈ മാർക്കറ്റ്. ഇവിടെ ലഭിക്കാത്ത ഡ്യൂപ്ലിക്കേറ്റ് സാധങ്ങൾ ഇല്ല എന്നാണ് പറയാറ്.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ സംവിധാനമുള്ളത് ഷാങ്ഹായിലാണ്. നഗരത്തിലുടനീളം 393 മെട്രോസ്റ്റേഷനുകളാണ് ഉള്ളത്. പ്രതിവർഷം 110 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഷാങ്ഹായിലെ പുഡോംഗ്, ഹോങ്കിയാവോ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. ഷാങ്ഹായി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വസന്തകാലവും ശരത്കാലവുമാണ്.