International

ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്ന് സംശയം: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‍സി നാവല്‍നി കോമയില്‍

വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍ വെച്ചുതന്നെ എടുത്ത ഒരു ചിത്രത്തില്‍ ചൂട് ചായ ഊതി കുടിയ്ക്കുന്ന അലക്‌സിയെ കാണാം.

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‍സി നാവല്‍നിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. സൈബീരിയിന്‍ പട്ടണമായ ടോംസ്‌കില്‍നിന്ന് മോസ്കോയിലേക്കുളള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം ഓംസ്‍കില്‍ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്താവളത്തിലെ കഫേയില്‍ നിന്ന് കുടിച്ച ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്ന് അലക്സിയുടെ അനുയായികള്‍ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അലക്‌സി നവല്‍നിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇപ്പോള്‍ കോമയിലാണ്.

വിമാനത്തിനുള്ളില്‍ വെച്ച് അലക്‌സി ഒന്നും കഴിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി പറയുന്നു. പക്ഷേ, വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍ വെച്ചുതന്നെ എടുത്ത ഒരു ചിത്രത്തില്‍ ചൂട് ചായ ഊതി കുടിയ്ക്കുന്ന അലക്‌സിയെ കാണാം. ഈ ചായയിലൂടെയാകും അദ്ദേഹത്തിന്‍റെ ഉള്ളില്‍ വിഷം എത്തിയതെന്നാണ് സംശയം.

ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്ന് സംശയം: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‍സി നാവല്‍നി കോമയില്‍

വിമാനത്തിലേക്ക് കയറും വരെ തികഞ്ഞ ആരോഗ്യവാനായിരുന്നു അലക്‌സി നവല്‍നി. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളിലാണ് അദ്ദേഹം അബോധാവസ്ഥയിലാകുന്നത്. അതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

വിമാനത്താവളത്തിനുള്ളില്‍ വെച്ച് അദ്ദേഹം കഴിച്ച ചായയിലാണ് വിഷം എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. അലക്‌സിക്ക് ചായ നല്‍കിയശേഷം ജീവനക്കാരന്‍ അപ്രത്യക്ഷനായതായി എന്നാണ് കഫേ മാനേജര്‍ പറയുന്നത്. പോലീസ് എത്തി പിന്നീട് ഈ കഫേ അടപ്പിച്ചു.

അലക്‌സിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്ന് കുടുംബവും അനുനായികളും ആവശ്യപ്പെട്ടിട്ടുണ്ട്. അലക്‌സിക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ഭാര്യയും കുടുംബവും ഉറപ്പിച്ചു പറയുന്നു. അലക്‌സിയെ കാണാന്‍ ഭാര്യയെയും കുടുംബ ഡോക്ടറെയും അനുവദിക്കാതിരുന്നതും ദുരൂഹത ഉയര്‍ത്തുന്നതാണ്. അലക്‌സിയെ ചികിത്സിക്കുന്ന ആശുപത്രിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അലക്‌സിക്ക് എന്തു സംഭവിച്ചുവെന്ന വിവരം ആശുപത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ പ്രധാന എതിരാളിയാണ് 44-കാരനായ അലക്‌സി നവല്‍നി. പുടിനെ രണ്ട് തവണ കൂടി അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ പരിഷ്‌കാരങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദിക്കുന്ന വ്യക്തിയാണ് അലക്‌സി നവല്‍നി. എതിരാളികളെ നിശബ്ദരാക്കാന്‍ എന്തും ചെയ്യുമെന്ന ദുഷ്‌പേരും പുടിനുണ്ട്. പലതവണ അലക്‌സി ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ കുടുംബവും പാര്‍ട്ടിയും മാധ്യമങ്ങളും ഉയര്‍ത്തുന്ന ആരോപണത്തെ പുടിന്‍റെ വക്താവ് തള്ളിക്കളഞ്ഞിട്ടുണ്ട്.