അതിശയകരമായ ഫീച്ചറുകള്‍ കുത്തിനിറച്ച് ചൈനീസ് കമ്പനികള്‍ ഭരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് തകര്‍പ്പനൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം മൈക്രോമാക്‌സ്. ഒരു കാലത്ത് നോക്കിയയും സാംസങും ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കൗതുകത്തോടെ നോക്കിയിരുന്നവര്‍ക്ക് മുന്നിലേക്കേണ് ന്യൂജനറേഷന്‍ ഫോണുകള്‍ എന്ന നിലയില്‍ മൈക്രോമാക്‌സിനെപ്പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ രംഗത്തുവന്നത്.
നോക്കിയയും സാംസങും ഇറക്കുന്ന ഫോണുകളെ തുടക്കത്തിലെ വെല്ലുവിളിക്കാനായില്ലെങ്കിലും വാങ്ങുന്നവരെ നിരാശപ്പെടുത്താത്ത നിലയിലുള്ള ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ എത്തിച്ചതോടെ മൈക്രോയുടെ വളര്‍ച്ചയും തുടങ്ങി. ശ്രദ്ധേയമായിരുന്നു മൈക്രോമാക്‌സിന്റെ വളര്‍ച്ച. അതുപോലെതന്നെ തളര്‍ച്ചയും. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അഡ്രസ് നഷ്ടപ്പെട്ട മൈക്രോമാക്‌സ് രണ്ട് മോഡലുകള്‍ ഇറക്കിയാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. മൈക്രോമാക്‌സ് ഇന്‍ നോട്ട് 1, മൈക്രോമാക്‌സ് ഇന്‍ 1ബി എന്നിങ്ങനെയാണ് മോഡലുകള്‍
മൈക്രോമാക്‌സിന്റെ കുതിപ്പ്
ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2009 മാര്‍ച്ച് 29നാണ് ഹരിയാനയിലെ ഗുര്‍ഗ്രാം ആസ്ഥാനമായി മൈക്രോമാക്‌സ് കമ്പനി ആരംഭിക്കുന്നത്. ഐടി സോഫ്റ്റ്‌വെയര്‍ കമ്പനി എന്ന നിലക്കാണ് മൈക്രോമാക്‌സ് തുടക്കമിട്ടത്. പിന്നീടാണ് മൊബൈല്‍ നിര്‍മാണത്തിലേക്ക് മാറിയത്. ആ തീരുമാനം തെറ്റിയില്ല. കണ്ണടച്ച് തുറക്കും മുമ്പെ മൈക്രോ, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ‘മാക്രോ’ ആയി വളര്‍ന്നു. ഹോളിവുഡ് നടന്‍ ഹ്യൂ ജാക്മാനെ ബ്രാന്‍ഡ് അംബാസിഡറാക്കി ഞെട്ടിക്കുകയും ചെയ്തു കമ്പനി. മൈക്രോമാക്‌സ് എ60 എന്ന മോഡലുമായാണ് ആദ്യം എത്തിയത്. 2010ലായിരുന്നു ഈ മോഡല്‍ വിപണിയിലെത്തിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല കമ്പനിക്ക്. 2014ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായി മൈക്രോമാക്‌സ് മാറി. തൊട്ടടുത്ത വര്‍ഷം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏകദേശം 3.5 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ മൂല്യം.
കുതിപ്പ് പോലെ കമ്പനിയുടെ കിതപ്പും
എക്‌ണോമിക്‌സ് ടൈംസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2015നെ അപേക്ഷിച്ച്(കമ്പനിയുടെ സുവര്‍ണകാലം) 2019ല്‍ കമ്പനിയുടെ മൂല്യം 90 ശതമാനാണ് ഇടിഞ്ഞത്. ഫീച്ചറില്‍ വിട്ടുവീഴ്ച ചെയ്യാതെയും അധിക വില ചുമത്താതെയും അതുവരെ വിപണിയില്‍ സാന്നിധ്യമറിയിച്ച ഒരു കമ്പനിയുടെ തകര്‍ച്ച ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഷഓമി, റിയല്‍മി, വിവോ പോലുള്ള ചൈനീസ് കമ്പനികള്‍ അറിഞ്ഞു കളിച്ച കാലം കൂടിയായിരുന്നു. 2018ല്‍ 67 ശതമാനമായിരുന്നു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഈ ചൈനീസ് കമ്പനികളുടെ സാന്നിധ്യം. ഐഫോണിനെ വെല്ലുംവിധമുള്ള ഫീച്ചറുകളുമായി ഈ കമ്പനികള്‍ രംഗത്തെത്തിയതോടെ മൈക്രോമാക്‌സ് ചിത്രത്തിലെ ഇല്ലാതായി. ഫോണ്‍ വിപണിയിലേക്ക് വന്ന മാറ്റങ്ങളെ ഉള്‍കൊള്ളാനും അനുകരിക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയാതെ പോയതാണ് മൈക്രോമാക്‌സിന്റെ കിതപ്പിന് വഴിയൊരുക്കിയത്.
തിരിച്ചുവരുന്നു…
ഏതാനും വര്‍ഷങ്ങളിലായി മൈക്രോമാക്‌സ് ചിത്രത്തിലെ ഇല്ലായിരുന്നു. അന്ന് മൈക്രോമാക്‌സിന്റെ ‘വഴി മുടക്കിയവര്‍’ ഇന്നും വിപണിയിലുണ്ട്. എന്നാല്‍ തിരിച്ചുവരവിന്റെ സൂചനകള്‍ ട്വീറ്റുകളിലൂടെയും മറ്റും കമ്പനി നല്‍കുന്നുണ്ടായിരുന്നു. മൈക്രോമാക്‌സ് ഇന്‍ നോട്ട് 1, മൈക്രോമാക്‌സ് ഇന്‍ 1 ബി എന്നീ രണ്ട് ഫോണുകളുമായാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്. ഹാര്‍ഡ്‌വെയറില്‍ മാറ്റം വരുത്തി വിപണി പിടിക്കാന്‍ തന്നെയാണ് എത്തുന്നത്. നോട്ട് 1 ആണ് ഫീച്ചറുകള്‍കൊണ്ട് സമ്പന്നാമയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി85 ആണ് പ്രൊസസര്‍. റിയല്‍മിയുടെ ചില പുതിയ മോഡലുകളില്‍ ഈ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാഡ് ക്യാമറ, 5000 എം.എ.എച്ചിന്റെ മെഗാബാറ്റി സെറ്റ് അപ്പ്, ആന്‍ഡ്രോയിഡ് 10നിന്റെ പിന്തുണ തുടങ്ങിയവയൊക്കെയാണ് മൈക്രോമാക്‌സ് ഇന്‍ നോട്ട് 1ന് കരുത്തേകുന്നത്. 4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വാരിയന്റും അതു പോലെ 128ന്റെ ഇന്റേണല്‍ സ്റ്റോറേജുമുളള മറ്റൊരു വാരിയന്റും ഈ മോഡലിനുണ്ട്.
സ്‌ട്രോക്ക് ആന്‍ഡ്രോയിഡിന്റെ അനുഭവമാണ് മൈക്രോമാക്‌സ് തങ്ങളുടെ പുതിയ മോഡലുകളിലൂടെ നല്‍കുന്നത്. രണ്ട് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റും കമ്പനി വാഗ്ദാനം നല്‍കുന്നു. ഈ മാസം 24നായിരുന്നു കമ്പനി മോഡലുകള്‍ ഓണ്‍ലൈനായി വില്‍പ്പനക്ക് വെച്ചിരുന്നത്. എല്ലാ മോഡലുകളും വിറ്റുപോയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ രണ്ടാം വരവിലും ആവശ്യക്കാരുണ്ടെന്ന് വേണം മനസിലാക്കാന്‍. ഇനി അടുത്ത മാസമാണ് വില്‍പ്പന. എന്താവും ഫോണിന്റെ റിസള്‍ട്ടെന്ന് അറിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. എന്തായാലും മികച്ച പ്രതികരണമാണ് അണ്‍ബോക്സ് ചെയ്തവരെല്ലാം നല്‍കുന്നത്. 10,999, 12,499 എന്നിങ്ങനെയാണ് വില. മറ്റു ഫോണുകളെ അപേക്ഷിച്ച് വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഈ പ്രൈസ് റൈഞ്ചില്‍ ഒതുങ്ങുന്ന ഫീച്ചറുകളുമായി ഞങ്ങളും വിപണിയിലുണ്ടെന്ന് അറിയിക്കുകയാണ് മൈക്രോമാക്‌സ്.