ടി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അയർലൻഡ് ആണ് അഞ്ച് റൺസിന് അട്ടിമറിച്ചത്. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമായിരുന്നു അയർലൻഡിൻ്റെ ജയം. അയർലൻഡ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് അഞ്ച് റൺസ് പിന്നിലായിരുന്നു. ഇതോടെ ഗ്രൂപ്പ് ഒന്നിൽ പോരാട്ടം ആവേശകരമായി.
ഇംഗ്ലണ്ടിൻ്റെ കരുത്തുറ്റ ബൗളിംഗ് നിരയെ നിർഭയം നേരിട്ട അയർലൻഡിന് മികച്ച തുടക്കം ലഭിച്ചു. മൂന്നാം ഓവറിൽ പോൾ സ്റ്റിർലിങ്ങ് (14) മാർക്ക് വുഡിനു മുന്നിൽ വീണെങ്കിലും രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണിയും ലോർകൻ ടക്കറും ചേർന്ന് കൂട്ടിച്ചേർത്ത 82 റൺസ് കൂട്ടുകെട്ട് അവരെ ശക്തമായ നിലയിലെത്തിച്ചു. ആദ്യ 10 ഓവറിൽ അയർലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണ് കണ്ടെത്തിയത്. 27 പന്തിൽ 34 റൺസെടുത്ത ടക്കർ നിർഭാഗ്യകരമായി റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് തകർന്നു. ഹാരി ടെക്ടർ (0) മാർക്ക് വുഡിൻ്റെ ഇരയായി മടങ്ങി. ഇതിനിടെ 40 പന്തുകളിൽ ബാൽബിർണി ഫിഫ്റ്റി തികച്ചു. ഇതോടെ അയർലൻഡ് ബാറ്റിംഗ് തകർച്ച നേരിട്ടു. ബാൽബിർണി (47 പന്തിൽ 62), ജോർജ് ഡോക്ക്റൽ (0), മാർക്ക് അഡയർ (4) എന്നിവരെ ലിയാം ലിവിങ്ങ്സ്റ്റൺ മടക്കി അയച്ചപ്പോൾ കർട്ടിസ് കാംഫറെ (18) മാർക്ക് വുഡ് വീഴ്ത്തി. ബാരി മക്കാർത്തി (3), ഫിയോൻ ഹാൻഡ് (1) എന്നിവർ സാം കറനു മുന്നിൽ വീണു. ജോഷ്വ ലിറ്റിലിനെ (0) പുറത്താക്കിയ സ്റ്റോക്സ് അയർലൻഡ് ഇന്നിംഗ്സ് 19.2 ഓവറിൽ അവസാനിപ്പിച്ചു. ഗാരത്ത് ഡെലനി (12) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിൽ അയർലൻഡ് തകർത്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് വിറച്ചു. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ ജോസ് ബട്ലർ കൂടാരം കയറി. ജോഷ്വ ലിറ്റിലിനായിരുന്നു വിക്കറ്റ്. അലക്സ് ഹെയിൽസും (7) ലിറ്റിലിൻ്റെ ഇരയായി മടങ്ങി. ബെൻ സ്റ്റോക്സിനെ (6) ഫിയോൻ ഹാൻഡും ഹാരി ബ്രൂക്കിനെ (21 പന്തിൽ 18) ജോർജ് ഡോക്ക്റലും മടക്കിഅയച്ചതോടെ കളിയിൽ അയർലൻഡ് പിടിമുറുക്കി. 37 പന്തുകൾ നേരിട്ട് വെറും 35 റൺസെടുത്ത ഡേവിഡ് മലാനെ ബാരി മക്കാർത്തി പുറത്താക്കിയതോടെ ഇംഗ്ലണ്ട് 13.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലേക്ക് വീണു. 12 പന്തിൽ 24 റൺസെടുത്ത മൊയീൻ അലി ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ 14.3 ഓവറിൽ മഴ പെയ്തു. ഇതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.
ഇതേ ഗ്രൗണ്ടിൽ നടക്കാനിരുന്ന രണ്ടാമത്തെ മത്സരം മഴയെ തുടർന്ന് ടോസ് പോലും ചെയ്യാതെ ഉപേക്ഷിച്ചു. അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരമാണ് ഉപേക്ഷിച്ചത്.