Sports

‘എൻ്റെ സുഹൃത്തും എതിരാളിയും, ഇനിയുമേറെക്കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്’; വികാരനിർഭരമായ കുറിപ്പുമായി നദാൽ

വിരമിച്ച ടെന്നിസ് ഇതിഹാസം റോജർ ഫെഡററെപ്പറ്റി വികാരനിർഭരമായ കുറിപ്പുമായി സമകാലികനായ റാഫേൽ നദാൽ. തൻ്റെ സുഹൃത്തും എതിരാളിയുമെന്ന് ഫെഡററെ വിശേഷിപ്പിച്ച നദാൽ, കളത്തിനകത്തും പുറത്തും താങ്കൾക്കൊപ്പം പങ്കുവച്ച നിമിഷങ്ങൾ ഓർമിക്കുന്നു എന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇന്നലെയാണ് ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചത്.

“പ്രിയപ്പെട റോജർ, എൻ്റെ സുഹൃത്തും എതിരാളിയും. ഈ ദിവസം ഒരിക്കലും വന്നിരുന്നില്ലെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വ്യക്തിപരമായും കായികലോകത്തിനും ഇത് ഒരു സങ്കടദിനമാണ്. കോർട്ടിനകത്തും പുറത്തും മനോഹരമായ നിരവധി ഓർമകൾ താങ്കളുമായി പങ്കുവെക്കാനായത് സന്തോഷവും ബഹുമതിയുമായി കാണുന്നു. ഭാവിയിലും നമ്മൾ ഒരുപാട് നല്ല നിമിഷങ്ങൾ പങ്കുവെക്കും. ഇനിയുമേറെക്കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് അതറിയാം. ഇപ്പോൾ, താങ്കൾക്കും കുടുംബത്തിനും എല്ലാവിധ സന്തോഷവും നേരുന്നു. ഇനി ജീവിതം ആസ്വദിക്കുക. ലണ്ടനിൽ കാണാം.”- നദാൽ കുറിച്ചു.

ആരോഗ്യം പരിഗണിച്ചാണ് വിരമിക്കാനുള്ള തീരുമാനം എടുത്തതെന്ന് ഫെഡറർ അറിയിച്ചു. അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലാവർ കപ്പ് ആവും ഫെഡററുടെ അവസാന ടൂർണമെൻ്റ്. കഴിഞ്ഞ 24 വർഷമായി ടെന്നിസിൽ നിറഞ്ഞുനിൽക്കുന്ന ഫെഡററുടെ വിരമിക്കൽ പ്രഖ്യാപനം കായിക പ്രേമികൾക്കൊക്കെ നിരാശയാണ്.

24 വർഷത്തെ കരിയറിലാകെ 1500ലധികം മത്സരങ്ങളാണ് ഫെഡറർ കളിച്ചത്. 41 വയസുള്ള താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്. സ്വിസ് താരമായ ഫെഡറർ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ആകെ 20 കരിയർ ഗ്രാൻഡ്സ്ലാമുകൾ നേടിയിടുള്ള ഫെഡറർ കളിക്കളത്തിലും പുറത്തും മാന്യതയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു. തുടർച്ചയായി 237 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡിട്ട ഫെഡറർ പുൽമൈതാനത്തിലെ രാജാവായിരുന്നു.