Football Sports

താളം തെറ്റിയ പ്രകടനം; ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി

എഫ്.എ കപ്പില്‍ ലിവർപൂളിന് ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വോള്‍ഫ്സ് ലിവര്‍പൂളിനെ അട്ടിമറിച്ചത്, വോൾഫിനായി മുപ്പത്തിയെട്ടാം മിനിട്ടില്‍ റോൾ ജിമെനസ് ആദ്യ ഗോള്‍ നേടി, രണ്ടാം പകുതിയില്‍ ഡിവോക്ക് ഒറിഗിയിലൂടെ ലിവർപൂൾ തിരിച്ചുവന്നെങ്കിലും റൂബൻ നേവ്സിലൂടെ വോൾഫ്സ് ജയം പിടിച്ചെടുക്കുകയായിരുന്നു.

രണ്ട് കൌമാരക്കാരെയുള്‍പ്പെടെ ആദ്യ ഇലവനില്‍ ഒന്‍പത് മാറ്റങ്ങളാണ് ക്ലോപ്പ് വരുത്തിയത്. മുഹമ്മദ് സലാഹ്, റൊബെര്‍ട്ടോ ഫെര്‍മിന്യോ, സഡിയോ മാനേ എന്നിവരെ ആദ്യം ബെഞ്ചിലിരുത്തി ഡാനിയേല്‍ സ്റ്ററിഡ്ജ്, ഡിവോക്ക് ഒറിഗി എന്നിവരെ ആക്രമണ നിരയിലുള്‍പ്പെടുത്തിയാണ് ലിവര്‍പൂള്‍ കളി ആരംഭിച്ചത്. ലിവര്‍പൂളിന്‍റെ ഏക ഗോള്‍ നേടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വക്കാന്‍ ഒറിഗിക്കായപ്പോള്‍ സ്റ്ററിഡ്ജ് വന്‍ പരാജയമാവുകയായിരുന്നു. ഈ സീസണില്‍ ആദ്യമായാണ് ലിവര്‍പ്പൂള്‍ അടുപ്പിച്ചുള്ള തോല്‍വികള്‍ ഏറ്റ് വാങ്ങുന്നത്.