Football Sports

‘പകരം’ വക്കാനില്ലാത്ത പ്രകടനം; നൂറ്റാണ്ടിലെ നേട്ടവുമായി മെസി

ബാഴ്സലോണ താരം ലയണല്‍ മെസി ദിവസേന റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലാലിഗയില്‍ 400 ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് ചുവടെടുത്ത് വച്ച മിശിഹാ പുതിയൊരു റെക്കോര്‍ഡും തന്‍റെ പേരിലാക്കിയിരിക്കുകയാണ്. ലാലിഗയില്‍ പകരക്കാരനായി കളത്തിലിറങ്ങി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് മെസി ഇത്തവണ സ്വന്തമാക്കിയത്.

ഇന്നലെ ലെഗാനസിനെതിരെ പകരക്കാരനായി കളത്തിലിറങ്ങി ഗോള്‍ നേടിയതോടെയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 22 ഗോളുകള്‍ സബ് എന്ന നിലയില്‍ മെസി നേടിക്കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലാലിഗയില്‍ കളിക്കുന്ന ഒരു കളിക്കാരനും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. എഫ്.സി ബാഴ്സലോണയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മത്സരത്തില്‍ ബാഴ്സ ലെഗാനസിനെ തോല്‍പ്പിച്ചു.

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി എന്ന ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും മെസിക്ക് ഇനി അധിക ദൂരമില്ല. 619 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. എന്നാല്‍, 31കാരനായ മെസി ഇപ്പോള്‍ തന്നെ 576 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഇന്നലത്തെ വിജയത്തോടെ 20 മത്സരങ്ങളില്‍ നിന്നും 46 പോയിന്‍റോടെ ബാഴ്സ ഒന്നാം സ്ഥാനത്താണ്.