Football Sports

ബാഴ്സലോണയിൽ മെസിയുടെ കരാർ അവസാനിച്ചു; ഇപ്പോൾ ഫ്രീ ഏജന്റ്

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിൽ സൂപ്പർ താരം ലയണൽ മെസിയുടെ കരാർ അവസാനിച്ചു. ജൂൺ 30നാണ് താരത്തിൻ്റെ കരാർ അവസാനിച്ചത്. ഇതോടെ മെസി ഫ്രീ ഏജൻ്റായി. താരവുമായി പുതിയ കരാർ ഒപ്പിടാൻ ക്ലബ് ശ്രമം നടത്തുകയാണ്. വരും ദിവസങ്ങളിൽ തന്നെ മെസി ബാഴ്സലോണയുമായി കരാർ നീട്ടുമെന്നാണ് സൂചന.

മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ജൂൺ ആദ്യം പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. താരം ക്ലബുമായി രണ്ട് വർഷത്തെ കരാറി കൂടി ഒപ്പുവച്ചു എന്നായിരുന്നു റിപ്പോർട്ട്. 2023 വരെയാണ് മെസി തുടരുക. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ദേശീയ ടീമിലെ സഹതാരമായ സെർജിയോ അഗ്യൂറോയുടെ വരവ് മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. അഗ്യൂറോയും 2023 വരെയാണ് ബാഴ്സയിൽ തുടരുക.

ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മെസി നേരത്തെ ക്ലബ് വിടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡൻ്റ് യുവാൻ ലാപോർട്ട എത്തി. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോർട്ട പറഞ്ഞിരുന്നു.