Sports

ISL 2022-23 | ഒഡീഷയെ വീഴ്ത്തി; വിജയക്കുതിപ്പിൽ ബ്ലാസ്റ്റേഴ്സ്

കരുത്തരായ ഒഡീഷ എഫ്സിയെ ഒരു ഗോളിന് വീഴ്ത്തി ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് തൊടുത്തെ ഹെഡറിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇതോടെ 11 കളിയില്‍ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഏഴാംജയമാണ്.
ക്രിസ്മസ് രാവിനുശേഷം പന്ത് തട്ടാനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് അവസാന കളിയില്‍നിന്ന് ഒരു മാറ്റം വരുത്തി. പ്രതിരോധത്തില്‍ നിഷുകുമാറിന് പകരം ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോ തിരിച്ചെത്തി. സന്ദീപ് സിങ്, റുയ്വാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച് എന്നിവര്‍ തുടര്‍ന്നു. ജീക്സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, ഇവാന്‍ കലിയുഷ്നി എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും കെ.പി.രാഹുലും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍. ഒഡീഷ ഗോള്‍മുഖത്ത് അമരീന്ദര്‍ സിങ്. പ്രതിരോധത്തില്‍ നരേന്ദര്‍ ഗെലോട്ട്, കാര്‍ലോസ് ഡെല്‍ഗോഡോ, സഹില്‍ പന്‍വര്‍ എന്നിവര്‍. മധ്യനിരയില്‍ ഒസാമ മാലിക്, റെയ്നിയെര്‍ ഫെര്‍ണാണ്ടസ്, തോയ്ബ സിങ്, ഐസക് ചാക്ചുവാക്. മുന്നേറ്റത്തില്‍ വിക്ടര്‍ റോഡ്രിഗസ്, നന്ദകുമാര്‍ ശേഖര്‍, പെഡ്രോ മാര്‍ട്ടിന്‍.

ആദ്യനിമിഷംതന്നെ ഒഡീഷയുടെ ആക്രമണമായിരുന്നു. ബോക്സിന് പുറത്തുനിന്നുള്ള റെയ്നിയറിന്റെ വോളി ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. പതിനെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നീക്കമുണ്ടായി. കര്‍ണെയ്റോ അടി പുറത്തേക്കായിരുന്നു. 24-ാം മിനിറ്റില്‍ ഡെല്‍ഗോഡോയുടെ ഗോള്‍ശ്രമം ഗില്‍ തടഞ്ഞു. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ തിളങ്ങി ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമായിരുന്നു. ലോങ് ബോള്‍ പിടിച്ചെടുത്ത് സഹല്‍ ബോക്സില്‍ കടന്നെങ്കിലും കൃത്യമായി അടി പായിക്കാനായില്ല. പന്തില്‍ ബ്ലാസ്റ്റേഴ്സ് നിയന്ത്രണം നേടി. 57-ാം മിനിറ്റില്‍ ലൂണയുടെ തകര്‍പ്പന്‍ ക്രോസ് ഒഡീഷ പ്രതിരോധക്കാരന്‍ ഡെല്‍ഗാഡോ കുത്തിയകറ്റി. 65-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം കിട്ടി. കര്‍ണെയ്റോയുടെ ക്രോസ് ബോക്സില്‍. സഹല്‍ ഡയമന്റാകോസിലേക്ക്. രാഹുലിനെയാണ് ഡയമന്റാകോസ് ലക്ഷ്യമിട്ടത്. എന്നാല്‍ ക്രോസ് മികച്ചതായില്ല. പിന്നാലെ സഹലിന്റെ ലോങ് റേഞ്ച് ബാറിന് മുകളിലൂടെ പറന്നു.

എഴുപതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഡയമന്റാകോസിന് പകരം അപോസ്തലോസ് ജിയാന്നുവും രാഹുലിന് നിഹാല്‍ സുധീഷുമെത്തി. തകര്‍പ്പന്‍ കളിയായിരുന്നു ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള ഘട്ടത്തില്‍. സഹലായിരുന്നു എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍. ആദ്യത്തേത് ബോക്സിലേക്കുള്ള മനോഹരമായ നീക്കം. സുധീഷിന് അതില്‍ കാല്‍ക്കൊരുക്കാനായില്ല. പിന്നാലെ സിസര്‍ കട്ട്. അത് നേരിയ വ്യതാസത്തില്‍ പുറത്ത്. ബ്ലാസ്റ്റേഴ്സ് നിരന്തരം മുന്നേറി. ഒഡീഷ പ്രതിരോധം പിടിച്ചുനിന്നു. 79-ാം മിനിറ്റില്‍ അമരീന്ദറിന്റെ പിഴവില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടേണ്ടതായിരുന്നു. പക്ഷേ, ഗെലൊട്ട് അവരുട അപകടം ഒഴിവാക്കി. 83-ാം മിനിറ്റില്‍ സഹലിന് പകരം ബ്രൈസ് മിറാന്‍ഡ ഇറങ്ങി. 84-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് കിട്ടിയ സുവര്‍ണാവസരം പാഴായി. കര്‍ണെയ്റോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. പന്ത് കിട്ടിയ ലെസ്‌കോവിച്ചിന് വലയിലേക്ക് ലക്ഷ്യം തൊടുക്കാനായില്ല. എന്നാല്‍ അടുത്ത നിമിഷം ബ്ലാസ്റ്റേഴ്സ് മിന്നി. ഇക്കുറി മിറാന്‍ഡയുടെ തകര്‍പ്പന്‍ ക്രോസ്. അമരീന്ദര്‍ ഉയര്‍ന്നുചാടി തട്ടി. പക്ഷേ, പന്ത് സന്ദീപിന്റെ തലയിലേക്കാണ് കൃത്യം കിട്ടിയത്. ഒഴിഞ്ഞ വലയിലേക്ക് കുത്തിയിടേണ്ട കാര്യമേ ഉണ്ടായുള്ളൂ സന്ദീപിന്. ആ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചു. തുടര്‍ന്ന് രണ്ട് തവണ നിഹാലിന്റെ നീക്കം ബോക്സില്‍ അവസാനിച്ചു. ഒരു തവണ അമരീന്ദര്‍ തടഞ്ഞു. അവസാന നിമിഷം ലൂണയ്ക്ക് പകരം വിക്ടര്‍ മോന്‍ഗിലും ജീക്സണ്‍ സിങ്ങിന് പകരം ആയുഷ് അധികാരിയും കളത്തിലെത്തി.

ജനുവരി മൂന്നിന് ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.