Football Sports

പത്ത് പേരായി ചുരുങ്ങിയിട്ടും പത്തരമാറ്റ് വിജയവുമായി ബ്ലാസ്റ്റേഴ്സ്

വാശിയേറിയ ഐ.എസ്.എല്‍ മത്സരത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ ജയം. ഈ സീസണിലെ പത്ത് മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം ജയമാണ് ഇത്. ബ്ലാസ്റ്റേഴ്സിനായി ജോര്‍ദാന്‍ മുറേയാണ് രണ്ട് ഗോളുകള്‍ നേടിയത്. 79ആം മിനിറ്റിലും 82ആം മിനിറ്റിലുമാണ് മുറേ ഗോളുകള്‍ നേടിയത്.

ലീഡ് എടുത്തിട്ടും കളി കൈവിടുന്ന പതിവ് ശൈലിയിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഇന്നും മത്സരം തുടങ്ങിയത്. ആദ്യ പകുതിയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിട്ടും പലതും മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഗാരി ഹൂപ്പറിനും ജോർദൻ മറെയ്ക്കും ആദ്യ പകുതിയിൽ സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഇരുപത്തിരണ്ടാം മിനുറ്റില്‍ കോസ്റ്റ നമോയിൻസുവാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. ഫകുണ്ടോ പരേര എടുത്ത മനോഹര ഫ്രീകിക്കിക്കില്‍ നിന്ന് ഹെഡറിലൂടെ ആണ് കോസ്റ്റ വലകുലുക്കിയത്. ലീഡിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളി മറന്നു.

ആദ്യ പകുതിയിലെ 36ാം മിനുട്ടിൽ ആണ് ജംഷദ്പൂരിന്‍റെ സമനില ഗോൾ വന്നത്. ഫ്രീകിക്കിൽ നിന്ന് വാൽസ്കിസ് ആണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധത്തെ കീഴ്പ്പെടുത്തിയത്. ജംഷദ്പൂരിനായി ഇരട്ട ഗോളുകള്‍ നേടിയതും വാൽസ്കിസാണ്.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ഒരു ചുവപ്പ് കാർഡും വന്നു. രണ്ട് മഞ്ഞ കാർഡുകൾ വാങ്ങി ലാൽറുവത്താര 67ആം മിനുട്ടിൽ പുറത്തുപോയി. ഒരു ഘട്ടത്തില്‍ 3-1ന് ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അശ്രദ്ധ മൂലം രണ്ടാം ഗോള്‍ വഴങ്ങുകയായിരുന്നു. പിന്നീട് പിഴവ് ആവര്‍ത്തിക്കാതെ മുഴുവന്‍ സമയം പിടിച്ചുനിന്ന ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച വിജയം നേടുകയായിരുന്നു

ജംഷദ്പൂരിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ വിജയം കൂടിയാണ് ഇന്നത്തേത്. സീസണിലെ രണ്ടാം ജയത്തോടെ പതിനൊന്നാം സ്ഥാനത്തു നിന്നും ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.