Football Sports

താരങ്ങൾക്ക് ശമ്പളമില്ല, ജീവനക്കാർക്ക് ഭക്ഷണം നൽകിയത് താരങ്ങൾ; ഹൈദരാബാദ് എഫ്സി കടുത്ത പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ഐഎസ്എൽ ക്ലബായ ഹൈദരാബാദ് എഫ്സി. ശമ്പളം നൽകാത്തതിനാൽ മുഖ്യ പരിശീലകൻ കോണർ നെസ്റ്ററും വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപെ അമോറിം, ഒസ്വാൾഡോ അലാനിസ് എന്നിവരും ക്ലബ് വിട്ടു. ഇന്ത്യൻ താരങ്ങളിൽ പലരും കരാർ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെൻ്റിനു കത്ത് നൽകിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

താരങ്ങൾക്ക് പുറമെ പല ജീവനക്കാർക്കും ക്ലബ് പണം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ജീവനക്കാരൻ്റെ ഭാര്യയുടെ ശസ്ത്രക്രിയക്ക് താരങ്ങളെല്ലാം ചേർന്ന് പിരിവിട്ടാണ് പണം കണ്ടെത്തിയത്. ചില ദിവസങ്ങളിൽ ജീവനക്കാർക്ക് ശമ്പളം നൽകാനും താരങ്ങൾ പിരിവിട്ടു. കോണർ നെസ്റ്റർ ക്ലബ് വിട്ടത് വാട്സപ്പ് മെസേജിലൂടെയാണ് താരങ്ങളെ അറിയിച്ചത്. സഹ പരിശീലകൻ താങ്ബോയ് സിങ്തോ ആണ് നിലവിൽ ടീമിനെ പരിശീലിപ്പിക്കുന്നത്.

ശമ്പളമില്ലാത്തതിനാൽ ടീമിനെ പരിശീലനത്തിനു കൊണ്ടുപോയിരുന്ന ബസിൻ്റെ ഡ്രൈവർ ജോലിക്കെത്തില്ലെന്ന് ക്ലബ് അധികൃതരെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. ക്ലബിലേക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്ന ഏജൻസി പണം ലഭിക്കാത്തതിനാൽ പിൻവാങ്ങി. എവേ മത്സരത്തിനായി ജംഷഡ്പൂരിലെത്തിയപ്പോൾ താമസിച്ച ഹോട്ടലിൻ്റെ ബിൽ ഹൈദരാബാദ് ടീം അടച്ചില്ലെന്നും പരാതിയുണ്ട്. ഹോട്ടൽ അധികൃതർ ടീമിനെതിരെ പൊലീസിൽ പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ.

ഇതുവരെ ലീഗിൽ ഒറ്റ മത്സരം പോലും വിജയിക്കാത്ത ടീമാണ് ഹൈദരാബാദ്. 11 കളിയിൽ നാല് സമനിലയും ഏഴ് തോൽവിയുമായി ഹൈദരാബാദ് അവസാന സ്ഥാനത്താണ്.