Cricket Sports

സഞ്ജുവിനെ തഴഞ്ഞതിനെതിരെ ഹര്‍ഭജന്‍

മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമിൽനിന്ന് തഴഞ്ഞ സംഭവത്തിൽ വിവാദം തുടരുന്നു. സഞ്ജുവിനെ ടീമിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ താരവും കമന്റേറ്ററുമായ ഹർഭജൻ സിങ്ങും രംഗത്തെത്തി. ‘സഞ്ജുവിന്റെ ഹൃദയം പരീക്ഷിക്കുകയാണ് സിലക്ടർമാർ’ എന്ന ശശി തരൂർ എം.പിയുടെ വിമർശനം ആവർത്തിച്ച ഹർഭജൻ, നിലവിലെ സിലക്ഷൻ കമ്മിറ്റിയെ മാറ്റി കരുത്തരായ ആളുകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെട്ടു.

ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമിലുൾപ്പെടുത്തിയ സഞ്ജുവിന് ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. പിന്നാലെ വെസ്റ്റിൻഡീസിനെതിരായ പരമ്പരക്കുള്ള ടീമിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരും ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചു. തരൂരിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഹർഭജനും വിമർശനവുമായി രംഗത്തെത്തിയത്.

സഞ്ജുവിനെ തഴഞ്ഞത് നിരാശാജനകമായ നടപടിയായിപ്പോയി. കഴിഞ്ഞ മൂന്ന് ട്വന്റി-20 മല്‍സരങ്ങളില്‍ വെള്ളം കൊടുക്കല്‍കാരന്‍ മാത്രമായി സഞ്ജു. കളിക്കാന്‍ അവസരം പോലും നല്‍കാതെ ഒഴിവാക്കുകയും ചെയ്തു. സെലക്ടര്‍മാര്‍ സഞ്ജുവിന്റെ ബാറ്റിംഗിനെയാണോ, ഹൃദയത്തെയാണോ പരീക്ഷിക്കുന്നത് എന്നായിരുന്നു ട്വീറ്റില്‍ ശശി തരൂര്‍ ചോദിച്ചത്. ഈ ട്വീറ്റ്, റീട്വീറ്റ് ചെയ്തായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

‘സഞ്ജുവിന്റെ ഹൃദയത്തെ പരീക്ഷിക്കാനാണ് സിലക്ടർമാരുടെ ശ്രമമെന്നാണ് എനിക്കു തോന്നുന്നത്. സിലക്ഷൻ കമ്മിറ്റിയെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂടുതൽ കരുത്തരായ ആളുകളെയാണ് സിലക്ടർമാരായി വേണ്ടത്. ഇതിന് ആവശ്യമായതെല്ലാം സൗരവ് ഗാംഗുലി ചെയ്യുമെന്ന് കരുതുന്നു’ – ഇതായിരുന്നു ഹർഭജന്റെ ട്വീറ്റ്.