Football

ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിദേശ സൈനിങ് സ്പെയിനിൽ നിന്ന്; ഔദ്യോഗിക പ്രഖ്യാപനമായി

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം വിദേശ സൈനിങ് സ്പെയിനിൽ നിന്ന്. സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്‌ഗിൽ ആണ് ബ്ലാസ്റ്റേഴ്സിലേക്ക് പുതുതായി എത്തിയ വിദേശതാരം. 29കാരനായ താരം നേരത്തെ എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്സി എന്നീ ഐ എസ് എൽ ക്ലബുകളിലും കളിച്ചിട്ടുണ്ട്. ബൾഗേറിയൻ ക്ലബായ എഫ്സി ഹെബാറിൽ നിന്നാണ് താരം മൂന്നാം അങ്കത്തിനായി ഇന്ത്യയിലെത്തിയത്. ഒരു വർഷത്തേക്കാണ് കരാർ.

2020ൽ എടികെയിലുണ്ടായിരുന്ന താരം 2021-22 സീസണിൽ ഒഡീഷയിൽ കളിച്ചു. ഏറെ കഠിനാധ്വാനിയായ താരമാണ് വിക്ടർ മോങ്‌ഗിൽ.

അതേസമയം, അർജൻ്റൈൻ താരം പെരേര ഡിയാസ് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടതായി ക്ലബ് അറിയിച്ചു. വിവരം ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി തകർപ്പൻ പ്രകടനങ്ങൾ നടത്തിയ ഡിയാസ് ഇക്കുറി ടീമിൽ തുടരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരത്തെ നിലനിർത്താനുള്ള ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമങ്ങൾ വിജയിച്ചില്ലെന്നാണ് വിവരം.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ ഡിയാസ് നിർണായക പ്രകടനങ്ങളാണ് നടത്തിയത്.

അർജൻ്റൈൻ ക്ലബായ പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം തിരികെ പ്ലാറ്റൻസിലേക്ക് പോകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, പ്ലാറ്റൻസുമായുള്ള കരാർ അവസാനിപ്പിച്ച് ഡിയാസ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവക്കുമെന്ന് പിന്നീട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ റിപ്പോർട്ടുകളൊക്കെ അസ്ഥാനത്താക്കി താരം ക്ലബ് വിട്ടിരിക്കുകയാണ്. ആരാധകരെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇത്.

സീസണിൽ കേരള ബ്ലാസ്റ്റഴ്സിന്റെ ആദ്യ വിദേശ സൈനിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഗ്രീക്ക് ഓസ്ട്രേലിയൻ ഇന്റർനാഷണൽ മുന്നേറ്റനിരക്കാരൻ അപ്പൊസ്തോലോസ് ജിയാനുവിനെയാണ് ക്ലബ്‌ ടീമിലെത്തിച്ചത്.

ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിൽ പ്രധാനമായും പന്ത് തട്ടിയ ജിയോനു 150 ലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നാൽപതോളം ഗോളുകളും നേടിയിട്ടുണ്ട്. കവാല, പാനിയോനിയൊസ്, ആസ്റ്ററിസ് ട്രിപ്പൊളി തുടങ്ങിയവയാണ് പ്രധാന ടീമുകൾ. ഓസ്ട്രേലിയൻ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ് സി നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2023 വരെ കേരള ടീമിനോപ്പം താരം തുടരും.