Football Sports

ഏഷ്യൻ കപ്പിലെ ആദ്യ വനിതാ റഫറി; ചരിത്രമാകാൻ യോഷിമി യമഷിത, ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നിയന്ത്രിക്കും

ചരിത്രത്തിലേക്ക് വിസിൽ മുഴക്കാനൊരുങ്ങി ജാപ്പനീസ് റഫറി യോഷിമി യമഷിത. ഏഷ്യൻ കപ്പിൽ പുരുഷന്മാരുടെ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി യോഷിമി. നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം യോഷിമി നിയന്ത്രിക്കുമെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ സ്ഥിരീകരിച്ചു.

ലോകകപ്പ്, യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് പിന്നാലെയാണ് ഏഷ്യന്‍ കപ്പിലും പുരുഷ മത്സരം നിയന്ത്രിക്കാന്‍ ഒരു വനിതാ റഫറി ഒരുങ്ങുന്നത്. ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടമാണ് യമഷിത നിയന്ത്രിക്കുക. യോഷിമിക്കൊപ്പം ഗ്രൗണ്ടിലിറങ്ങുന്ന അസിസ്റ്റന്റുമാരും വനിതാ റഫറിമാര്‍ തന്നെ. മക്കോട്ടോ ബോസോനോ, നവോമി തെഷിരോഗി എന്നിവരാണ് അസിസ്റ്റന്റ് റഫറിമാർ.

എഎഫ്‌സി കപ്പ് (2019), എഎഫ്‌സി ചാമ്പ്യൻസ് ലീഗ് (2022), ജെ1 ലീഗ് (2023) എന്നിവ നിയന്ത്രിച്ച് മൂവരും ചരിത്രത്തിലേക്ക് നടന്നു കയറിയിരുന്നു. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് മത്സരങ്ങൾ. 37 കാരി യമഷിത അടക്കം അഞ്ച് മാച്ച് ഓഫിഷ്യല്‍സാണ് ഇത്തവണ ഏഷ്യന്‍ പോരില്‍ അണിനിരക്കുന്നത് എന്നൊരു സവിശേഷതയുമുണ്ട്.