Sports

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ നാളെ; അർജന്റീനയോ ക്രൊയേഷ്യയോ?

ഖത്തർ ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകും. ആദ്യസെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 12.30 നാണ് മത്സരം. ലോകഫുട്ബോളിന്റെ നെറുകയിലേക്കുള്ള യാത്രയ്ക്കെത്തിയത് 32 ടീമുകളാണ്. ഖത്തറിന്റെ മണ്ണിൽ 28 ടീമുകൾക്ക് കാലിടറി. ബാക്കിയായത് 4 പേർ. അവർക്ക് സ്വപ്നത്തിലേക്ക് ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളുടെ ദൂരം. തന്ത്രങ്ങളുടെ ആവനാഴിയിലെ അവസാന മിനുക്കു പണിയും തീർത്ത് ആദ്യ രണ്ട് ടീമുകൾ നാളെയിറങ്ങും. അർജന്റീനയ്ക്ക് എതിരാളികൾ ക്രൊയേഷ്യയാണ്.

36 വർഷത്തെ കാത്തിരിപ്പാണ് അർജന്റീനയുടേത്. ലോകകിരീടം മെസിയിലൂടെ സ്വന്തമാക്കാമെന്ന പ്രതീക്ഷ ആവോളമുണ്ട്. എന്നാൽ പരുക്കെന്ന ഭീഷണി അലട്ടുന്നുണ്ട് ദി ആൽബിസെലസ്റ്റയെ. ഡി പോളിന്റെ പരുക്ക് ഒരുവശത്തുണ്ട്. ഡി മരിയയുടെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വമാണ് മറ്റൊരു പ്രശ്നം. ഇതൊന്നും കൂടാതെ, മഞ്ഞക്കാർഡുകൾ കണ്ട് പുറത്തിരിക്കേണ്ടിവരുന്ന അക്യൂനയും മോണ്ടിയേലും പ്രതിസന്ധിയുണ്ടാക്കും. സ്കലോണിയുടെ തല കലങ്ങിമറിയുമെന്നുറപ്പ്.

മറുവശത്ത് ക്രൊയേഷ്യൻ സംഘത്തിന് വലിയ ആശങ്കയില്ല എന്നതാണ് സത്യം. കഴിഞ്ഞതവണ കൈവിട്ട കിരീടം സ്വന്തമാക്കുകയെന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അതിന് ആദ്യത്തെ പ്രതിബന്ധമാണ് അർജന്റീന. ശക്തമായ പ്രതിരോധവും മോഡ്രിച്ചിറങ്ങുന്ന മധ്യനിരയുമാണ് അവരുടെ ഇന്ധനം. ഫിനിഷിംഗിലെ പോരായ്മ കൂടി മറികടന്നാൽ ക്രൊയേഷ്യയ്ക്ക് ആദ്യപടി എളുപ്പമാകും.

കിരീടവരൾച്ച തീർക്കാനിറങ്ങുന്ന അർജന്റീനയും കന്നിക്കിരീടം ലക്ഷ്യമിടുന്ന ക്രൊയേഷ്യയും നേർക്കുനേർ വരുമ്പോൾ, ലുസൈലിലെ ആദ്യ സെമിയിൽ തീ പാറുമെന്നുറപ്പ്. ആവേശം അലതല്ലുന്ന മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.