Football Sports

യൂറോപ്പയില്‍ ഇന്ന് കലാശപ്പോര്; കിരീടം തേടി ഇന്‍ററും സെവിയ്യയും ഫെെനലില്‍

യൂറോപ്പയില്‍ ഫൈനലില്‍ എത്തിയപ്പോഴെല്ലാം കിരീടം നേടാന്‍ സെവിയ്യക്ക് ആയിട്ടുണ്ട്. ലുക്കാകുവിന്‍റെ ഗംഭീര ഫോമിലാക്കും ഇന്‍റര്‍ മിലാന്‍റെ പ്രതീക്ഷ.

യുവേഫ യൂറോപ്പാ ലീ​ഗില്‍ ഇന്ന് കലാശ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 12.30-ന് നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും. യൂറോപ്യന്‍ പോരാട്ടത്തില്‍ ഇതാദ്യമായാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്.

അഞ്ചു തവണ യൂറോപ്പ ലീഗ് നേടി റെക്കോര്‍ഡ് ഇട്ട ടീമാണ് സെവിയ്യ. 2015-16 സീസണിലാണ് സെവിയ്യ അവസാനമായി കിരീടം നേടിയത്. ലൊപെറ്റെഗി പരിശീലകനായി എത്തിയ ശേഷം ഫോമിലാണ് സെവിയ്യ. യൂറോപ്പയില്‍ ഫൈനലില്‍ എത്തിയപ്പോഴെല്ലാം കിരീടം നേടാന്‍ സെവിയ്യക്ക് കഴിഞ്ഞിട്ടുണ്ട്. സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് ടീം ഫൈനലില്‍ എത്തിയത്. 2016-ലാണ് സെവിയ്യ ഒടുവില്‍ യൂറോപ്പാ ലീ​ഗ് ജേതാക്കളായത്. അന്ന് ലിവര്‍പൂളിനെ വീഴ്ത്തിയതാണ് സെവിയ്യ കപ്പ് സ്വന്തമാക്കിയത്.

2009-2010 സീസണ് ശേഷം ഇന്‍റര്‍ മിലാന്‍ ആദ്യമായിട്ടാണ് ഒരു യൂറോപ്യന്‍ മല്‍സരത്തിന്റെ ഫൈനലില്‍ എത്തുന്നത്. പരിശീലകന്‍ കോണ്ടെയുടെ കീഴിലെ ആദ്യ കിരീടമാണ് ഇന്‍റര്‍ ലക്ഷ്യമിടുന്നത്. ലുക്കാകുവിന്‍റെ ഗംഭീര ഫോമിലാക്കും ഇന്‍റര്‍ മിലാന്‍റെ പ്രതീക്ഷ. ഫിറ്റ്നെസ് വീണ്ടെടുത്ത സാഞ്ചേസ് ഇന്ന് ആദ്യ ഇലവനില്‍ മടങ്ങി എത്തിയേക്കും.

ഷക്തറിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്താണ് ഇന്റര്‍ ഫൈനലിലേക്ക് കടന്നത്. ജര്‍മനിയിലെ കൊളോണിലാണ് മത്സരം നടക്കുന്നത്.