Cricket

യൂണിവേഴ്സൽ ബോസിനെ മറികടന്ന് കിംഗ് കോലി

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോലി. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് കോലിയുടെ നേട്ടം. പഞ്ചാബ് കിംഗ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിലെ അർധസെഞ്ച്വറിയോടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്. 

347 ടി20 മത്സരങ്ങളിൽ നിന്ന് 96 അർധസെഞ്ച്വറികളുമായി ഓസീസ് താരം ഡേവിഡ് വാർണറാണ് പട്ടികയിൽ ഒന്നാമത്. 366 മത്സരങ്ങളിൽ നിന്നായി 89 അർധസെഞ്ചുറികളാണ് കോലിയുടെ സമ്പാദ്യം. ക്രിസ് ഗെയ്ൽ ആകട്ടെ 463 ടി20 മത്സരങ്ങളിൽ നിന്നുമാണ് 88 അർധ സെഞ്ച്വറികൾ നേടിയത്.

നിരവധി റെക്കോർഡുകളാണ് താരം ഇന്ന് സ്വന്തമാക്കിയത്. ക്യാപ്റ്റനെന്ന നിലയിൽ 6500 ടി20 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോലി മാറി. ആരോൺ ഫിഞ്ച്, രോഹിത് ശർമ്മ, ഡേവിഡ് വാർണർ തുടങ്ങിയവരെ പിന്നിലാക്കിയാണ് കോലിയുടെ നേട്ടം. ഈ നേട്ടത്തിന് പുറമെ, തന്റെ 48-ാം ഐപിഎൽ ഫിഫ്റ്റിക്ക് ശേഷം ഐപിഎൽ ചരിത്രത്തിൽ നൂറ് ’30+ സ്‌കോർ’ നേടുന്ന ആദ്യ കളിക്കാരനായി വിരാട് മാറി.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 40 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്.