Cricket Sports

ബുംറക്ക് പകരം വരുന്നത് ഉമേഷ് യാദവ്

അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്ക്. പരിക്കേറ്റ താരത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാവും. പകരം എത്തുന്ന ആളെച്ചൊല്ലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച. മറ്റാരുമല്ല ഉമേഷ് യാദവാണ് ബുംറയുടെ പകരക്കാരന്‍. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയന്‍ പരമ്പരയിലാണ് ഉമേഷ് അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. അന്ന് ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടിയതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും താരത്തില്‍ നിന്നുണ്ടായില്ല.

ഇന്ത്യക്കായി 41 ടെസ്റ്റുകള്‍ കളിച്ച ഉമേഷ് 119 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഉമേഷ് യാദവിന്റെ ടീം ഇന്ത്യയിലേക്കുള്ള മടക്കം ആരാധകരെ രസിപ്പിച്ചിട്ടില്ല. നിരവധി പേസര്‍മാര്‍ അവസരം കാത്തുനില്‍ക്കെ ശരാശരിക്കാരനായ ഉമേഷിന് എന്തിന് വീണ്ടും അവസരം കൊടുക്കുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അടുത്ത കാലത്ത് ഉമേഷില്‍ നിന്ന് കാര്യമായ പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.