Cricket Sports

12ാം സീസണിലെ രണ്ടാം ഹാട്രിക് നേടിയെടുത്ത് യുവതാരം

ഐ.പി.എൽ 12ാം സീസണിലെ രണ്ടാമത്തെ ഹാട്രിക് നേടിയെടുത്ത് രാജസ്ഥാൻ റോയൽസിന്റെ യുവതാരം ശ്രേയസ് ഗോപാൽ. ആദ്യ ഹാട്രിക് നേടിയത് പഞ്ചാബ് യുവ താരം സാം കരണായിരുന്നു. വിരാട് കോഹ്‍ലി, ഡിവില്ലേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെ പുറത്താക്കിയാണ് ഗോപാൽ തന്റെ അഞ്ചാം ഐ.പി.എൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത്.

ബംഗളൂരിൽ നടന്ന മത്സരത്തിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി സീസണിലെ ഏറ്റവും മികച്ച ബൗളിങ്‌ പ്രകടനമാണ് ഗോപാൽ കാഴ്ചവെച്ചത്. രാജസ്ഥാൻ റോയൽസിന് വേണ്ടി 13 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ ഗോപാൽ സ്വന്തമാക്കിയിട്ടുണ്ട്. 18.11 എന്ന ബൗളിങ്‌ ശരാശരിയും എക്കണോമിക്ക് റേറ്റിൽ 7.00ന് മുകളിലുമാണ് ഗോപാൽ.

ബംഗളൂരു നായകൻ വിരാട് കോഹ്‍ലിക്ക് ഇത്തവണയും ടോസിലെ ഭാഗ്യം നഷ്ടമായി. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ്‌ തെരഞ്ഞെടുത്തു. അഞ്ചു ഓവർ വീതമാക്കി ചുരുക്കിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് 62 റൺസെടുത്തു. 7 പന്തിൽ നിന്ന് 25 റൺസെടുത്ത കോഹ്‍ലിയാണ് ടീമിന്റെ ടോപ് സ്കോറർ.

മഴ കളി മുടക്കിയത് കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ബാംഗ്ലൂരിന്റെ 62 റൺസ് പിന്തുടർന്ന രാജസ്ഥാൻ ബാറ്റ് ചെയ്യുമ്പോഴാണ് വീണ്ടും മഴ പെയ്തത്. 3.2 ഓവറിൽ രാജസ്ഥാൻ 1 വിക്കറ്റ് നഷ്ടത്തിൽ 41 എന്ന നിലയിലെത്തിയപ്പോൾ കളി നിർത്തുകയായിരുന്നു.

ഇതോടെ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ബാംഗ്ലൂർ ഐ.പി.എൽ 12ാം സീസണിൽ നിന്ന് ഔദ്യോഗികമായി പുറത്തായി.