Cricket Sports

മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി

ദക്ഷിനാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 4 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 288 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.2 ഓവറിൽ 283 റൺസിന് ഓൾഔട്ടായി. വിരാട് കോലി 65 റൺസെടുത്ത് ടോപ്പ് സ്കോറർ ആയപ്പോൾ ശിഖർ ധവാനും (61), ദീപക് ചഹാറും (54) ഇന്ത്യക്ക് വേണ്ടി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡിയും ആൻഡൈൽ ഫെഹ്‌ലുക്ക്‌വായോയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. (south africa won odi)

സ്കോർബോർഡിൽ 18 റൺസ് ആയപ്പോൾ തന്നെ ഇന്ത്യക്ക് ലോകേഷ് രാഹുലിനെ (9) നഷ്ടമായി. രണ്ടാം വിക്കറ്റിൽ വിരാട് കോലിയും ശിഖർ ധവാനും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയത്. ഇരുവരും ചേർന്ന് 98 റൺസാണ് കൂട്ടിച്ചേർത്തത്. 58 പന്തിൽ ധവാനും 63 പന്തിൽ കോലിയും ഫിഫ്റ്റി തികച്ചു. ധവാൻ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്. ഇന്ത്യൻ ഓപ്പണറെ ഫെഹ്‌ലുക്ക്‌വായോയുടെ പന്തിൽ ക്വിൻ്റൺ ഡികോക്ക് പിടികൂടുകയായിരുന്നു. നാലാം നമ്പറിലെത്തിയ ഋഷഭ് പന്ത് (0) നേരിട്ട ആദ്യ പന്തിൽ തന്നെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായി. പന്തിനെ സിസാൻഡ മഗാല പിടികൂടി.

നാലാം വിക്കറ്റിൽ കോലിയും ശ്രേയാസ് അയ്യരും ചേർന്ന് രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം ആരംഭിച്ചു. 38 റൺസ് നീണ്ട ഈ കൂട്ടുകെട്ട് തകർത്തത് കേശവ് മഹാരാജാണ്. തൻ്റെ അവസാന ഓവറിൽ മഹാരാജ് കോലിയെ ബാവുമയുടെ കൈകളിലെത്തിച്ചു. പൊസിറ്റീവ് ഇൻ്റൻ്റോടെ എത്തിയ സൂര്യകുമാർ യാദവ് തുടർ ബൗണ്ടറികളുമായി കൗണ്ടർ അറ്റാക്ക് നടത്തിയതോടെ ദക്ഷിണാഫ്രിക്ക വിയർത്തു. ഇതിനിടെ സൂര്യയുമായി 39 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷം ശ്രേയാസ് (26) മടങ്ങി. അയ്യരിനെ സിസാൻഡ മഗാലയുടെ പന്തിൽ ഫെഹ്‌ലുക്ക്‌വായോ പിടികൂടുകയായിരുന്നു. ഏറെ വൈകാതെ സൂര്യകുമാറും മടങ്ങി. 32 പന്തിൽ 39 റൺസെടുത്ത സൂര്യയെ ഡ്വെയിൻ പ്രിട്ടോറിയസ് ബാവുമയുടെ കൈകളിലെത്തിച്ചു. ജയന്ത് യാദവ് (2) വേഗം മടങ്ങി. കനത്ത പരാജയം ഉറപ്പിച്ച ഇടത്തുനിന്ന് അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തിയ ദീപക് ചഹാർ ആണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. 55 റൺസ് നീണ്ട കൂട്ടുകെട്ടിൽ ജസ്പ്രീത് ബുംറയും നിർണായക പ്രകടനം കാഴ്ചവച്ചു.വിജയിക്കാൻ 10 റൺസ് മാത്രം ബാക്കിനിൽക്കെ 48ആം ഓവറിലെ ആദ്യ പന്തിൽ ലുങ്കി എങ്കിഡി ദീപക് ചഹാറിനെ പ്രിട്ടോറിയസിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 34 പന്തിൽ അഞ്ച് ബൗണ്ടറിയും 2 സിക്സറും സഹിതം 54 റൺസെടുത്താണ് ചഹാർ പുറത്തായത്. അടുത്ത ഓവറിൽ ബുംറയും (12) മടങ്ങി. താരത്തെ ഫെഹ്‌ലുക്ക്‌വായോയുടെ പന്തിൽ ബാവുമ പിടികൂടുകയായിരുന്നു. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറിൽ ചഹാൽ (2) മില്ലറിൻ്റെ കൈകളിൽ അവസാനിച്ചതോടെ ഇന്ത്യയുടെ പരാജയം പൂർത്തിയായി.