Football Sports

ഒടുവിൽ സുനിൽ ഛേത്രിക്ക് ഗോൾ; ബെംഗളൂരു-ഗോവ മത്സരം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി- എഫ്സി ഗോവ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഡിലൻ ഫോക്സ് ഗോവക്കായി ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയാണ് ബെംഗളൂരുവിൻ്റെ ഗോൾ സ്കോറർ. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഛേത്രി ഐഎസ്എലിൽ ഗോൾ നേടുന്നത്.

41ആം മിനിട്ടിൽ ഡിലൻ ഫോക്സിലൂടെ എഫ്സി ഗോവയാണ് ആദ്യം ഗോളടിച്ചത്. ജോർജ് ഓർട്ടിസിൻ്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ ഒരു ഗോളിനു മുന്നിലായിരുന്നു. 61ആം മിനിട്ടിൽ സുനിൽ ഛേത്രിയിലൂടെ ബെംഗളൂരു തിരിച്ചടിച്ചു. ഇബാരയുടെ ക്രോസിൽ നിന്നായിരുന്നു ഛേത്രിയുടെ ഗോൾ. 11 മത്സരങ്ങൾ നീണ്ട ഗോൾ വരൾച്ചയ്ക്കാണ് ഈ ഗോളോടെ ഛേത്രി അറുതിവരുത്തിയത്.

12 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുള്ള ബെംഗളൂരു എട്ടാമതും 13 മത്സരങ്ങളിൽ നിന്ന് ഇതേ പോയിൻ്റുള്ള ഗോവ ഒമ്പതാം സ്ഥാനത്തും ആണ്‌.